ലോക് ഡൗണിൽ ചുറ്റിക്കറങ്ങിയതിൻ്റെ പേരിൽ പൊലീസ് ബെെക്ക് പിടിച്ചെടുത്തു: നടുറോഡിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

single-img
20 April 2020

ലോക് ഡൗൺ ലംഘിച്ച് ബെെക്കിൽ കറങ്ങിയതിനു പൊലീസ് ബൈക്ക് പിടിച്ചെടുത്തതിൽ മനംനൊന്ത് നടുറോഡിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. സൂര്യനെല്ലി സ്വദേശി വിജയപ്രകാശ് (22) ആണ് ഇന്ന് പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റിരുന്നു. ഞായറാഴ്ച ഉച്ചയോടെ സൂര്യനെല്ലിയിലാണ് സംഭവമുണ്ടായത്. 

നിരോധനാജ്ഞ ലംഘിച്ച് ബൈക്കിൽ കറങ്ങിനടന്ന യുവാവിനെ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. തുടർന്ന് ബൈക്ക് സമീപത്തെ ഒരു കടയുടെ സമീപം വാങ്ങിവെയ്ക്കുകയും ചെയ്തു. അല്പസമയത്തിനുശേഷം സൂര്യനെല്ലി സഹകരണ ബാങ്കിന്റെ മുമ്പിലെത്തിയ ഇയാൾ കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

നാട്ടുകാരാണ് ഓടിക്കൂടി തീ അണച്ചത്. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാരമായി പൊള്ളലേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലാക്കി. സമ്പർക്ക വിലക്ക് ലംഘിച്ച് കറങ്ങിനടന്നതിന് മുൻപ് പലതവണ പോലീസ് ഇയാളെ താക്കീത് ചെയ്തിരുന്നു.