കോവിഡ് വ്യാപനം; ആദ്യം വിജയിച്ചെങ്കിലും രണ്ടാം വരവിൽ അടിപതറി സിങ്കപ്പൂർ

single-img
20 April 2020

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പൂര്‍ണ്ണമായി അടിപതറിയിരിക്കുകയാണ് സിങ്കപ്പൂര്‍. അവിടെ നിന്നുള്ള ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല കണക്കുകള്‍ പ്രകാരം മാര്‍ച്ച് 17-ന് 226 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സിങ്കപ്പൂരില്‍ നിലവില്‍ 5900 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

യുഎസ് – യൂറോപ്യന്‍ രാജ്യങ്ങളില്‍ ദിനംപ്രതി ആയിരക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുപ്പെടുമ്പോള്‍ സിങ്കപ്പൂരിലെ 5900 എന്ന കണക്ക് ആ രാജ്യത്തിന്റെ വലിപ്പവും ജനസംഖ്യയും അടിസ്ഥാനമാക്കി നോക്കുമ്പോള്‍ വളരെ വലുത് തന്നെയാണ്. കാരണം, 700 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള സിങ്കപ്പൂരിലെ ജനസംഖ്യ 57 ലക്ഷമാണ്. ഇത് യുഎസ് നഗരമായ ന്യൂയോര്‍ക്കിനേക്കാളും ചെറുതുമാണ്‌.

ലോകരാജ്യങ്ങള്‍ ലോക്ക്ഡൗണും മറ്റുമായി വൈറസ് വ്യാപനം തടയാന്‍ പാടുപെടുമ്പോള്‍ കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ പോലുമേര്‍പ്പെടുത്താതെ വൈറസിനെ നിയന്ത്രിക്കാന്‍ സിങ്കപ്പൂരിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇടുങ്ങിയ ഡോര്‍മിറ്ററികളില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ അവഗണിച്ചതും ലോക്ക്ഡൗണ്‍ പോലും ഏര്‍പ്പെടുത്താത്ത ഒരു നഗരത്തില്‍ മഹാമാരി പടര്‍ന്നുപിടിക്കാനെടുക്കുന്ന വേഗതയെ കുറച്ചുകണ്ടിടത്തുമെല്ലാമാണ് ആ രാജ്യത്തിന് പിഴവ് സംഭവിച്ചത്.

വൈറസ് പടര്‍ന്ന രണ്ടാം ഘട്ടത്തില്‍ സിങ്കപ്പൂര്‍ സ്‌കൂളുകള്‍ മാത്രമാണ് അടച്ചിട്ടത്. എന്നാല്‍ കേസുകള്‍ ഉയര്‍ന്നതോടെ ചില തൊഴില്‍ സ്ഥാപനങ്ങളും അടച്ചിടുകയുണ്ടായി. കൃത്യമായ പരിശോധന നടക്കാതെ പോയ ക്ലസ്റ്ററുകളില്‍ കേസുകളുടെ എണ്ണം വളരെ പെട്ടെന്ന് വര്‍ധിക്കുകയും ചെയ്തു.

രാജ്യത്തെ കുടിയേറ്റക്കാരായ തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളാണ് അതില്‍ പ്രധാനപ്പെട്ടത്. ഏത് നിമിഷവും പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന ഒരു ടൈം ബോംബ് പോലെയാണ് തൊഴിലാളികളുടെ താമസസ്ഥലങ്ങളെന്നാണ് മുന്‍ നയതന്ത്രജ്ഞനും അഭിഭാഷകനുമായ ടോമി കോ അഭിപ്രായപ്പെട്ടിരുന്നത്. നിലവില്‍ ‘സര്‍ക്യൂട്ട് ബ്രേക്കര്‍’എന്ന പേരില്‍ പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ് സിങ്കപ്പൂര്‍ സര്‍ക്കാര്‍.