ലോക്ഡൗണ്‍ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സംഘം; മോദിയും അമിത് ഷായും വിശദീകരണം നല്‍കണമെന്ന് മമതാ ബാനര്‍ജി

single-img
20 April 2020

പശ്ചിമ ബംഗാളിൽ കൊവിഡ് ലോക്ഡൗണ്‍ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംഘത്തെ അയച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിശദീകരണം നല്‍കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട രണ്ട് സംഘങ്ങളാണ് ബംഗാളിലെ ഏഴ് ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നത്. അവര്‍ തലസ്ഥാന നഗരമായ കൊല്‍ക്കത്തയിലും സംഘം സന്ദര്‍ശനം നടത്തി കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

അതിന്റെ തൊട്ടുപിന്നാലെയാണ് വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എന്തിന് ഈ രീതിയില്‍ ഒരു തീരുമാനമെടുത്തു എന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കണം. പശ്ചിമബംഗാള്‍ ഈ നീക്കത്തോട് സഹകരിക്കില്ലെന്നും മമത ട്വീറ്റ് ചെയ്തു. നിലവില്‍ എല്ലാത്തരത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ രാജ്യത്തെ ചില ജില്ലകളില്‍ പോയി ലോക്ഡൗണ്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ കേന്ദ്രസംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

പശ്ചിമ ബംഗാളിലെ ചില ജില്ലകളും ഇതില്‍ പെടും. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല എന്ന്മമത പറഞ്ഞു. ‘ഇതിനായി ഉപയോഗിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ആവശ്യപ്പെടുകയാണ്. വിശദീകരണം ലഭിക്കുന്നതുവരെ വ്യക്തമായ കാരണമില്ലാതെ ഇതുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്. ഈ നടപടി ഫെഡറലിസവുമായി പൊരുത്തപ്പെട്ട് പോകില്ല’, മമത വ്യക്തമാക്കി.