മുംബൈയിലെ ആൾക്കൂട്ട കൊലപാതകം; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ഉദ്ധവ് താക്കറെ

single-img
20 April 2020

മുംബൈ: മുംബൈയിൽ നടന്ന ആൾക്കൂട്ടക്കൊലപാതകത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അക്രമികള്‍ ഒരു കാരണവശാലും നിയമത്തില്‍ നിന്നും രക്ഷപെടില്ലെന്നും താക്കറെ വ്യക്തമാക്കി. ഇക്കഴിഞ്ഞ പതിനാറാം തീയ്യതി രാത്രിയാണ് കൊവിഡ് ഹോട്ട്സ്പോട്ടായ മുംബൈയിൽ ആളുകൾ ചേർന്ന് മൂന്നു പേരെ കൊലപ്പെടുത്തിയത്.

മഹാരാഷ്ട്രയിലെ പാല്‍ഖാറിൽ ആള്‍കൂട്ടം കള്ളന്മാരെന്ന് മുദ്രകുത്തി രണ്ടു ഹിന്ദു സന്യാസിനിമാര്‍ അടക്കം മൂന്ന് പേരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇരുനൂറില്‍ അധികം വരുന്ന ആള്‍ക്കൂട്ടത്തിന്റെ ചോദ്യം ചെയ്യലിലും മര്‍ദ്ദനത്തിലും ദാരുണമായി കൊല്ലപ്പെട്ടത് സുശീല്‍ഗിരി മഹാരാജ്(30), ചിക്ന മഹാരാജ് കല്‍പവര്‍ഷ ഗിരി(70) എന്നീ സന്യാസിമാരും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്ന നിലേഷ് തെല്‍വാഡ എന്ന 30 വയസുകാരനുമാണ്. 

നാസിക്കില്‍ നിന്നും സൂറത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. രാത്രി പല്‍ഖാറില്‍ എത്തിയപ്പോള്‍ ഇവരുടെ വാഹനത്തിന് നേരെ തടിച്ചുകൂടിയ ആള്‍ക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. മോഷ്ടാക്കളെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇവരെ രക്ഷപ്പെടുത്താൻ സംഭവ സ്ഥലത്തെത്തിയ പൊലീസിനു നേരെയും ആക്രമണമുണ്ടായി.ഗോത്ര വിഭാഗത്തില്‍ പെട്ട സന്യാസിമാരാണ് കൊല്ലപ്പെട്ട രണ്ടു പേരും. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. 110 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്.