നിയന്ത്രണ ഇളവുകൾ ജനങ്ങൾ മുതലെടുത്തു; ഉത്തരവിൽ മാറ്റങ്ങൾ വരുത്തി കേരളം: കൂടുതൽ നിയന്ത്രണങ്ങൾ വൈകുന്നേരത്തോടെ

single-img
20 April 2020

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകള്‍ സംസ്ഥാനസര്‍ക്കാര്‍ തിരുത്തി. ചട്ടലംഘനം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് മുന്‍ ഉത്തരവില്‍ തിരുത്തല്‍ വരുത്തിയത്. ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കാനുള്ള തീരുമാനവും, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഉത്തരവുമാണ് പിന്‍വലിച്ചത്. കൂടുതൽ നിയന്ത്രണങ്ങൾ വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. 

ഉത്തരവില്‍ വ്യക്തതവരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ബാര്‍ബര്‍ ഷോപ്പുകള്‍ ലോക്ക്ഡൗണ്‍ തീരുന്നതു വരെ തുറക്കാന്‍ അനുവദിക്കില്ലെന്ന് പുതിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ബാര്‍ബര്‍ക്ക് ആവശ്യക്കാരുടെ വീട്ടിലെത്തി ജോലി ചെയ്യാം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം നല്‍കാനാവില്ല. പകരം പാഴ്‌സല്‍ നല്‍കുന്നത് തുടരാം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സമയം രാത്രി ഒമ്പതു മണി വരെ നീട്ടിയിട്ടുമുണ്ട്.

ഇരുചക്ര വാഹനത്തിലും കാറിലും യാത്ര ചെയ്യുന്നവരുടെ എണ്ണം സംബന്ധിച്ചും പുതിയ ഉത്തരവില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ സഞ്ചരിക്കാനാകൂ. കാറില്‍ പിന്നില്‍ രണ്ടുപേര്‍ക്ക് ഇരിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

കേരളം ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്തെന്നും, ഇളവുകള്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇളവ് വരുത്തിക്കൊണ്ടുള്ള ഉത്തരവ് തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.