നിരത്തുകളിൽ ജനങ്ങളും വാഹനങ്ങളും നിറഞ്ഞുകവിഞ്ഞു: കേരളം നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവന്നേക്കും

single-img
20 April 2020

ഏഴ് ജില്ലകളിൽ നീണ്ട കാലത്തെ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ജന ജീവിതം സാധാരണനിലയിലേക്ക് മടങ്ങിതുടങ്ങി. ഗ്രീൻ സോണുകളായ ഇടുക്കി, കോട്ടയംജില്ലകളിലും ഓറഞ്ച് ബിയിൽപ്പെട്ട തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട് , തൃശൂർ ജില്ലകളിലാണ് ഹോട്ട് സ്പോട്ടുകളായ ചില പ്രദേശങ്ങളിലൊഴികെ നിയന്ത്രണങ്ങൾക്ക് ഇന്ന് മുതൽ അയവ് വന്നത്. ഇതോടെ ആയിരക്കണക്കിന് വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. 

വാഹന ഗതാഗതത്തിന് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സ‌ർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇളവുകൾ പഴുതാക്കി ജനം പലസ്ഥലത്തും രാവിലെ തന്നെ വാഹനങ്ങളുമായി കൂട്ടത്തോടെ റോഡിലിറങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇത് തിരക്ക് വർദ്ധിക്കാനും സാമൂഹ്യ അകലം ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികളെ തകിടം മറിയ്ക്കാനും ഇടയാക്കുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ഇളവുകളുടെ പരിധിയിൽപ്പെടുന്ന മേഖലകളിൽ മനുഷ്യജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് പലയിടത്തും രാവിലെ കാണാനാകുന്നത്. വീടുവിട്ട് കൂട്ടത്തോടെ ജനം പുറത്തിറങ്ങുകയായിരുന്നു. 

ഇതിനിടെ സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിച്ച ജില്ലകളിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗരേഖയിലെ വിലക്കുകൾ ലംഘിച്ച് ഹോട്ടലുകളും ബാർബർഷോപ്പുകളും പ്രവർത്തിക്കാൻ അനുമതി നൽകിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയതോടെ ഇത്തരം ഇളവുകളുടെ കാര്യത്തിൽ അവ്യക്തതയും നിലവിലുണ്ട്. ഇന്ന് ചേരുന്ന അവലോകനയോഗത്തിൽ കേന്ദ്രത്തിന്റെ നോട്ടീസ് ചർച്ചയാകുമെന്നാണ് സൂചനകൾ. ജനങ്ങൾ കൂട്ടത്തോടെ തെരുവുകളിലിറങ്ങിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ എടുത്തു കളയുവാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ നീക്കിയ നടപടിക്കെതിരെ കേന്ദ്രസർക്കാർ രംഗത്തുവന്നതോടെ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. കേരളം വരച്ചിട്ട ലക്ഷ്മണരേഖ കടന്ന് അസുഖബാധിതർ വർധിക്കുകയാണെങ്കിൽ അതിനുത്തരം സംസ്ഥാനസർക്കാർ പറയേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സർക്കാർ നിർദേശപ്രകാരം മെയ് 3 വരെ തുടർന്നും ഈ നിയന്ത്രണങ്ങൾ കൊണ്ടുവരുക എന്നുള്ളത് മാത്രമാണ് സംസ്ഥാന സർക്കാരിൻ്റെ മുന്നിലുള്ള ഏകവഴി. 

നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ ഏഴ് ജില്ലകളിലെയും പ്രധാന നഗരങ്ങളിലുൾപ്പെടെ ജന സഞ്ചാരം വർദ്ധിച്ചിട്ടുണ്ട്. തുണിക്കടകളും ജുവലറികൾ ഉൾപ്പെടെയുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളും തുറന്ന് വൃത്തിയാക്കാനും അണുനശീകരണത്തിനുമുള്ള ജോലികൾ ആരംഭിച്ചു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇന്നലെതന്നെ പല സ്ഥലങ്ങളിലും അടഞ്ഞുകിടന്ന കടകളുടെ ഷട്ടറുകളും ചുവരുകളും മറ്റും കഴുകി വൃത്തിയാക്കിയിരുന്നു.സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്. ലോക്ക് ഡൗണിൽ അടഞ്ഞശേഷം ഇന്ന് തുറന്ന ബേക്കറികൾ ഉൾപ്പെടെയുള്ള പലകടകളിലും പഴയ സാധനങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. സംസ്ഥാനം നൽകിയ നിയന്ത്രണങ്ങളെ ജനങ്ങൾ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്നും മെയ് മൂന്നുവരെ തുടർന്നുള്ള ദിവസങ്ങളിൽ നിയന്ത്രണം പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നും വിദഗ്ദ്ധർ പറയുന്നു.