ചൈന പ്രതിക്കൂട്ടിൽ തന്നെ: കൊറോണവൈറസ് മനുഷ്യ നിര്‍മ്മിതം; ആരോപണവുമായി എച്ച്‌ഐവി കണ്ടെത്തിയ നൊബേല്‍ ജേതാവ്

single-img
20 April 2020

പാരിസ്: കൊറോണവൈറസ് ചൈനീസ് ലാബില്‍ നിന്ന് പുറത്തായതാണെന്ന ആരോപണങ്ങളെ സാധൂകരിച്ചു കൊണ്ട് പ്രശസ്ത ശാസ്ത്രജ്ഞൻ രംഗതെത്തി.കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും വുഹാനിലെ ലബോറട്ടറിയില്‍ നിന്ന് പുറത്തായതാണെന്നും ആരോപിച്ച് നൊബേല്‍ ജേതാവും എയ്ഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞനുമായ ലുക് മൊണ്ടേനിയറാണ് രംഗത്തെത്തിയത്. ഫ്രഞ്ച് വൈറോളജിസ്റ്റായ മൊണ്ടേനിയര്‍ക്ക് 2008ലാണ് രണ്ട് പേര്‍ക്കൊപ്പം നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. എയ്ഡ്‌സിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണ ശ്രമത്തിനിടക്ക് ചൈനീസ് ലബോറട്ടറിയില്‍ നിന്നാണ് കൊറോണവൈറസ് പുറത്തയതെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

എച്ച്‌ഐവി, മലേറിയ വൈറസുകളുടെ ജനിതകം കൊറോണവൈറസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അങ്ങനെയെങ്കില്‍ ഇത് പ്രകൃത്യാ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും കൊവിഡ് 19 വ്യാവസായിക അപകടമാണെന്നും അദ്ദേഹം പറഞ്ഞു. 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണവൈറസില്‍ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണവൈറസ് ചൈനീസ് ലാബില്‍ നിന്ന് പുറത്തായതാണെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.