ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ കേന്ദ്രം കേരളത്തിനോട് വിശദീകരണം തേടി

single-img
20 April 2020

ഡൽഹി: കേരളം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണവുമായി കേന്ദ്ര സർക്കാർ.ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം ലംഘിച്ച്‌ ചട്ടത്തില്‍ ഇളവ് നല്‍കിയ സംഭവത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തോട് വിശദീകരണം തേടിയത്. 

ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ചീഫ് സെക്രട്ടറി ടോം ജോസിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. നഗരപ്രദേശങ്ങളിലെ ചെറുകിട വ്യവസായങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതും ചട്ട വിരുദ്ധമാണ്. സ്വകാര്യ വാഹനങ്ങൾക്ക് യാത്രനുമതി നൽകിയതിലും പിശകുണ്ട്.

വര്‍ക്ക്‌ഷോപ്പ്, റസ്റ്റോറന്റുകള്‍, ബുക്ക് സ്റ്റാളുകള്‍ തുടങ്ങിയവ തുറക്കാന്‍ അനുവാദം കൊടുത്തതും മാര്‍ഗരേഖയുടെ ചട്ടലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ചട്ടം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം അയച്ച മാർഗ നിർദേശങ്ങളിൽ നിന്ന് വ്യതിചലിച്ച് കൂടുതൽ ഇളവു നൽകിയത് പാര്‍ലമെന്റ് പാസ്സാക്കിയ 2005 ലെ നിയമത്തിന്റെ ലംഘനമാണെന്നും കത്തില്‍ പറയുന്നു.