ക്വാറന്റീൻ ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്‌ത 59 പേർ അറസ്റ്റിൽ

single-img
20 April 2020

ബെംഗളൂരു: കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റീൻ ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത 59 പേർ അറസ്റ്റിൽ. ബെംഗളൂരു പദരായനപുരയിൽ ആണ് സംഭവം. നഗരത്തിലെ ഹോട് സ്പോട്ട് വാർഡുകളിൽ ഒന്നായ പാദരായനപുരയിലെ 35ഓളം പേരെ ആരോഗ്യ പ്രവർത്തകരായ ഉദ്യോഗസ്ഥരെത്തി ഐസലേഷനിലേയ്ക്ക് മാറ്റുന്നതിനിടയിലാണ് നാട്ടുകാർ പ്രതിഷേധവും സംഘര്‍ഷമുണ്ടാക്കിയത്. പോലീസ് ബാരിക്കേഡുകളും ഇവർ തകർത്തു.

ബെംഗളൂരു നഗരത്തിലെ ഹോട്സ്പോട്ടുകളിൽ ഒന്നായ പാദരായപുരയിൽ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയതായി 58 ഓളം പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ ഇവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ഉദ്യോഗസ്ഥർ എത്തിയത്. നേരത്തെ തന്നെ 15 പേരെ മാറ്റിയിരുന്നു. എന്നാൽ മറ്റുള്ളവർ ഇതിനു തയ്യാറായിരുന്നില്ല. ഇതോടെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത ആൾകൂട്ടം വാർഡ് സീൽ ചെയ്യാൻ ഉപയോഗിച്ചിരുന്ന പോലീസ് ബാരിക്കേഡുകളും തകർത്തു. ഒടുവിൽ പോലീസ് എത്തിയാണ് ഇവരെ നിയന്ത്രിച്ചത്. 59 പേരെ അറസ്റ്റുചെയ്യുകയും 5 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ അനുവദിക്കാനാകില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും സംഭവ സ്ഥലം സന്ദർശിച്ച കർണാടക ആഭ്യന്തരമന്ത്രി ബസവരാജ്‌ ബൊമ്മെ പ്രതികരിച്ചു

ഉദ്യോഗസ്‌ഥരെ തടയാൻ വ്യാജ വാർത്ത പ്രചരിപ്പിച്ചാണ് ഇവിടെ ലഹള ഉണ്ടാക്കിയത്. വ്യാജവാർത്ത പ്രചരിപ്പിച്ചത് ഒരുകൂട്ടം യുവാക്കളാണ് അവർ തന്നെയാണ് ലഹളയ്ക്ക് തുടക്കമിട്ടതെന്നും ഇവരെ കസ്റ്റഡിയിൽ എടുത്തതായും പോലീസ് വ്യക്തമാക്കി.