ദേശവിരുദ്ധ പോസ്റ്റുകള്‍ അപ് ലോഡ് ചെയ്തു എന്ന് ആരോപണം; കാശ്മീരില്‍ വനിതാ ജേണലിസ്റ്റിനെതിരെ യുഎപിഎ

single-img
20 April 2020

സോഷ്യൽ മീഡിയയിൽ ”ദേശവിരുദ്ധ പോസ്റ്റുകള്‍” അപ് ലോഡ് ചെയ്തു എന്ന ആരോപണവുമായി കാശ്മീരിലെ വനിതാ ഫോട്ടോ ജേണലിസ്റ്റിനെതിരെ സംസ്ഥാന പോലീസ് യുഎപിഎ ചുമത്തി. പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മസ്രത്ത് സഹ്‌റ എന്ന മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ യുഎപിഎ, ഐപിസി 50 എന്നിവ ചുമത്തിയതായി വ്യക്തമാക്കിയത്.

26 വയസുള്ള സഹ്‌റ ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റാണ്. വിദേശ മാധ്യമങ്ങളായ വാഷിംഗ്ടണ്‍ പോസ്റ്റ്, അല്‍ജസീറ,കാരവന്‍ തുടങ്ങി നിരവധി മാധ്യമങ്ങളില്‍ ഇവരുടെ വര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ” മസ്രത്ത് സഹ്‌റ എന്ന ഫേസ്ബുക്ക് ഉപയോക്താവ് ജനങ്ങളിലെ സമാധാനം തകര്‍ക്കണമെന്ന ക്രിമിനല്‍ ഉദ്ദേശ്യത്തോടെ യുവാക്കളെ പ്രേരിപ്പിക്കുന്ന തരത്തില്‍ ദേശവിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം കിട്ടി,” എന്ന്ജമ്മു കാശ്മീര്‍ പോലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാൽ തനിക്കെതിരെ യുഎപിഎ പോലീസ് ചുമത്തിയ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മസ്രത്ത് പ്രതികരിച്ചു. ഈ സംഭവത്തെ കശ്മീര്‍ പ്രസ് ക്ലബ് അപലപിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മാധ്യമപ്രവര്‍ത്തകരെ അധികാരികള്‍ വേട്ടയാടുകയാണെന്നും കാശ്മീര്‍ പ്രസ് ക്ലബ് ജനറല്‍ ഇഷ്ഫാക് പറഞ്ഞു.