ഹാരി പോട്ടർ സീരീസിലെ എല്ലാ സിനിമകളും കണ്ടാൽ 1000 ഡോളർ സമ്മാനം; ലോക്കഡൌൺ ആഘോഷമാക്കാൻ വ്യത്യസ്ത മത്സരവുമായി ഒരു കമ്പനി

single-img
20 April 2020

കൊറോണക്കാലാം ആഘോഷമാക്കാൻ വ്യത്യസ്ത മത്സരവുമായി ഒരു കമ്പനി. ഹാരി പോട്ടർ സീരീസിലെ എല്ലാ സിനിമകളും കണ്ടാൽ 1000 ഡോളർ സമ്മാനം നൽകുമെന്നാണ് അമേരിക്കൻ കമ്പനിയായ എഡ്സ്മാർട്ടിൻ്റെ പ്രഖ്യാപനം. കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ആളുകളെ വീട്ടിലിരുത്താനായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതെന്ന് എഡ്സ്മാർട്ട് പറഞ്ഞു.

“ഒരുപാട് മഗ്‌ളുകൾ (മാന്ത്രികരല്ലാത്ത സാധാരണ മനുഷ്യർക്ക് ഹാരി പോട്ടർ നോവൽ/സിനിമാ പരമ്പരകളിൽ ഉപയോഗിക്കുന്ന പേര്) വീട്ടിൽ സ്വയം ഐസൊലേഷനിൽ പെട്ട് ബുദ്ധിമുട്ടുകയാണ്. സാധാരണ ജീവിതം നയിക്കാനാവാതെ ലിറ്റിൽ വിംഗിംഗിലെ 4 പ്രിവറ്റ് ഡ്രൈവിലുള്ള വീട്ടിലെ സ്റ്റെയർ കേസിനടിയിലുള്ള കബോർഡിൽ (നോവൽ സിനിമാ പരമ്പരകളിൽ ഹാരി പോട്ടർ ആദ്യം താമസിക്കുന്ന സ്ഥലം) കഴിയുന്നതു പോലെയാണ് നമ്മൾ.”- മത്സരത്തെപ്പറ്റി വിശദീകരിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ എഡ്സ്മാർട്ട് പറയുന്നു.

അഞ്ച് ആളുകൾക്കാണ് സമ്മാനം ലഭിക്കുക. ഹാരി പോട്ടർ സീരീസിലെ എട്ട് സിനിമകളും സ്പിൻ ഓഫ് സീരീസായ ഫൻ്റാസ്റ്റിക് ബീസ്റ്റ്സ് പരമ്പരയിലെ രണ്ട് സിനിമകളും കണ്ട് അഭിപ്രായം ഓൺലൈനായി പങ്കുവക്കണം. സിനിമകൾക്ക് റാങ്കിംഗും നൽകണം. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് അവസരം. 25 മണിക്കൂറിലധികം നീളുന്ന സിനിമാ മാരത്തൺ പൂർത്തിയാക്കി അഭിപ്രായവും കുറിച്ച് കഴിഞ്ഞാൽ അതിൽ നിന്ന് അഞ്ച് പേരെ തിരഞ്ഞെടുക്കും. 1000 ഡോളറിനൊപ്പം ഹാരി പോട്ടർ കസ്റ്റമൈസ്ഡ് സമ്മാനങ്ങളും പരമ്പരയുടെ ബ്ലൂറേ കളക്ഷനും ജേതാക്കൾക്ക് ലഭിക്കും.

ഒരൊറ്റ കുഴപ്പം മാത്രമാണ് ഇതിനുള്ളത്. അമേരിക്കക്കാർക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം. മറ്റ് രാജ്യങ്ങളിലുള്ള ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാനാവില്ല.