ലാവ്‌ലിന്‍ കേസില്‍നിന്നും പിണറായിയെ മാത്രമല്ല, ചെന്നിത്തലയ്‌ക്കെതിരായ കേസ് റദ്ദാക്കിയ വിധിയും പുറപ്പെടുവിച്ചിട്ടുണ്ട്: ജസ്റ്റിസ് ഉബൈദ്

single-img
19 April 2020

തനിക്ക് ലഭിച്ച നിയമനത്തെച്ചൊല്ലി പ്രതിപക്ഷം ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്. വിരമിച്ച ശേഷം അദ്ദേഹത്തിന് ലഭിച്ച റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ചെയര്‍മാന്‍ പദവിയിലുള്ള നിയമനത്തെക്കുറിച്ചുള്ള വിവാദത്തിലാണ് പ്രതികരണവുമായി ജസ്റ്റിസ് നേരിട്ട് എത്തിയത്. തന്റേത് രാഷ്ട്രീയ നിയമനമല്ല എന്നും ഹൈക്കോടതിയുടെ പാനലില്‍നിന്നുള്ള നിയമനമാണെന്നും ഉത്തരവ് ലഭിച്ചാല്‍ ഉടന്‍തന്നെ സ്ഥാനമേറ്റെടുക്കുമെന്നും ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കി.

ഈ നിയമനത്തെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ രാഷ്ട്രീയ വിവാദം ഉണ്ടാക്കുകയാണ്. ലാവ്‌ലിന്‍ കേസില്‍ മാത്രമല്ല, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ കേസ് റദ്ദാക്കിയ വിധിയും പുറപ്പെടുവിച്ചത് താനാണെന്നും ജസ്റ്റിസ് ഉബൈദ് പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍നിന്നും കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിച്ചതിനുള്ള ഉപകാര സ്മരണയാണ് ഉബൈദിന്റെ നിയമനമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

അതേപോലെ തന്നെ, പദവി ഏറ്റെടുക്കാന്‍ ജസ്റ്റിസ് ഉബൈദിന്റെ നീതിബോധം അനുവദിക്കില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു പിടി തോമസ് എംഎല്‍എ പറഞ്ഞത്.