അവർ ചെയ്യുന്നതാണ് ശരി: കോവിഡിന് എതിരായുള്ള പോരാട്ടത്തിൽ കേരളത്തെ പ്രശംസിച്ച് ഇർഫാൻ പഠാൻ

single-img
19 April 2020

കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ‘കേരള മോഡലി’ നെ പുകഴ്ത്തി പ്രശസ്ത ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. കോവിഡ് 19നെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് പഠാൻ ട്വിറ്ററിൽ കുറിച്ചു.കേരള സർക്കാരിന്റെ നേതൃത്വത്തിൽ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു. 

‘കോവിഡ് 19നെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരേയൊരു പോസിറ്റീവ് കേസ് മാത്രം. തീർച്ചയായും അവർ ചെയ്യുന്നതാണ് ശരി. മാത്രമല്ല, രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റിങ് നടത്തുന്നതും കേരളം തന്നെ’ – ഈ മാസം 16നാണ് കേരളത്തെ പുകഴ്ത്തിയും മറ്റുള്ളവർക്കു മുന്നിൽ മാതൃകയായി അവതരിപ്പിച്ചും പഠാൻ ട്വീറ്റ് ചെയ്തത്.

ലോക്ഡൗൺ കാലത്ത് വ്യക്തിപരമായ സംഭാവനകളിലൂടെ സഹോദരൻ യൂസഫ് പഠാനൊപ്പം ഇർഫാനും രംഗത്തെത്തിയിരുന്നു. രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് ഇരുവരും ചേർന്ന് നൂറു ടൺ അരിയും 700 കിലോ ഉരുളക്കിഴങ്ങും വിതരണം ചെയ്തു.

 ബറോഡയിലെ പാവപ്പെട്ട ജനങ്ങൾക്കായാണ് ഇരുവരും അരിയും ഉരുളക്കിഴങ്ങും വിതരണം ചെയ്തത്. അതിനു മുൻപ് ബറോഡ പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെ ഇരുവരും നഗരത്തിൽ 4000 മാസ്കുകളും വിതരണം ചെയ്തിരുന്നതും വാർത്താ പ്രാധാന്യം നേടിയിരുന്നു.