രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 15000 കടന്നു; മരണസംഖ്യ 507 ആയി

single-img
19 April 2020

ഡൽഹി: ഇന്ത്യയിൽ ഇതിനോടകം കൊവിഡ് ബാധിതരായവരുടെ എണ്ണം 15000 കടന്നിരിക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട പുതിയ കണക്കനുസരിച്ച്‌ രാജ്യത്ത് 15,712 പേര്‍ വൈറസ് ബാധിതരാണുള്ളത്. വൈറസ് ബാധയെത്തുടർന്ന് 507 പേരാണ് ഇതുവരെ മരണപ്പെട്ടത്.12,974 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 2,231 പേര്‍ രോഗമുക്തരായി.

നിലവിലെ റിപ്പോർട്ടുകളും കണക്കുകളും പ്രകാരം മഹാരാഷ്ട്രയിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ.3651 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. 365 പേര്‍ രോഗമുക്തരായപ്പോള്‍ 211 മരണം റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാം സ്ഥാനത്ത് ഡല്‍ഹിയാണ് 1893പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ 72 പേര്‍ രോഗമുക്തരായപ്പോള്‍ 42 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 1372 പേര്‍ക്കും രാജസ്ഥാനില്‍ 1,351 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ 1,407 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 127 പേര്‍ രോഗമുക്തരായി. 70 പേര്‍ മരിച്ചു. യു.പിയില്‍ 805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ കേരളത്തിൽ നിന്നാണ് ആശ്വാസവാർത്തകൾ വരുന്നത്. സംസ്ഥാനത്ത് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 140 ആയി കുറഞ്ഞിട്ടുണ്ട്. പുതിയ കേസുകളുടെ എണ്ണവും വളരെക്കുറവാണ്.