കെ.എം. ഷാജിക്കെതിരായ കേസില്‍ ഇന്ന്എഫ്.ഐ.ആര്‍; പ്രതിരോധത്തിനൊരുങ്ങി യുഡിഎഫ്

single-img
18 April 2020

കണ്ണൂർ: അഴീക്കോട് എംഎൽഎ കെ എം ഷാജിക്കെതിരായ കേസിൽ വിജിലൻസ് എഫ് ഐ ആർ നടപടികൾ ഇന്ന് പൂർത്തിയാകും. സർക്കാർ അനുമതി ലഭിച്ചയുടൻ തന്നെ വിജിലൻസ് നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു.വിജിലന്‍സ് കണ്ണൂര്‍ ഡി.വൈ.എസ്.പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. കോഴിക്കോട് വിജിലന്‍സ് റേഞ്ച് എസ്.പി പി.സി സജീവനാണ് മേല്‍നോട്ടച്ചുമതല.

അഴീക്കോട് സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിനായി സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് കെ.എം.ഷാജി എം.എല്‍.എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. ലീഗ് അഴിക്കോട് പഞ്ചായത്ത് കമ്മിറ്റി മുന്‍ ഉപധ്യക്ഷന്‍ നൗഷാദ് പൂതപ്പാറയാണ് ആരോപണം ഉയര്‍ത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

അതേസമയം വിജിലൻസ് നടപടിയെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് കോൺഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും തീരുമാനം. സ്പ്രിംഗ്ളർ ഇടപാടില്‍ പ്രതിസന്ധിയിലായ . മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് കേസെടുക്കുന്നതിലൂടെ പുറത്തു വന്നിരിക്കുന്നത് എന്നാണ് യു.ഡിഎഫ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റേത് പ്രതികാര നടപടിയല്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് എല്‍.ഡി.എഫ്.