ദുബായിൽ കാൽ ഞരമ്പുകള്‍ മുറിച്ച ശേഷം കെട്ടിടത്തിൽ നിന്നും ചാടി മലയാളി ആത്മഹത്യ ചെയ്തു

single-img
18 April 2020
പ്രതീകാത്മക ചിത്രം

ജബല്‍ അലിയിൽ മലയാളി കാൽ ഞരമ്പുകള്‍ മുറിച്ച ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. കൊല്ലം പ്രാക്കുളം സ്വദേശി അശോകന്‍ പുരുഷോത്തമന്‍ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവമെന്ന് ദുബായ് പൊലീസ് അറിയിച്ചു.

കാലിലെ ഞരമ്പുകള്‍ മുറിച്ച ശേഷം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ചാടിയത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന ബസിന് മുകളില്‍ വീണ അദ്ദേഹത്തെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.എന്നാൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് ജബല്‍ അലി പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ സുവൈദി പറഞ്ഞു. 

കൊവിഡ് സംബന്ധമായ ആശങ്കയാണ് മരണ കാരണമെന്ന റിപ്പോര്‍ട്ടുകള്‍ ദുബായ് പൊലീസ് നിഷേധിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് മനസിലാകുന്നതെന്നും പൊലീസ് അറിയിച്ചു. 

ഈ കെട്ടിടത്തില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. അത്തരത്തിലുള്ള പ്രശ്നങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ല. ആത്മഹത്യക്ക് കൊവിഡുമായി ബന്ധമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണെന്നും അല്‍ സുവൈദി പറഞ്ഞു.