കോവിഡുമായി ബന്ധപ്പെട്ടു മലപ്പുറത്തു രണ്ടാം മരണം: നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന വ്യക്തി മരിച്ചു

single-img
18 April 2020

കോവിഡുമായി ബന്ധപ്പെട്ട് ഇന്ന് മലപ്പുറത്ത് രണ്ടാമത്തെ മരണം നടന്നു.  കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന അഹമ്മദ് കുട്ടിയാണ് മരിച്ചത്. നേരത്തെ നടന്ന മഞ്ചേരിയിലെ മരണം കോവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ സ്ഥിരീകരിച്ചിരുന്നു.

മലപ്പുറം എടപ്പാളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചേകന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി ( 84 ) ആണ് മരിച്ചത്. ഇദ്ദേഹം ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ച കോട്ടയ്ക്കല്‍ സ്വദേശിയുമായി അടുത്ത് ഇടപഴകിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഹമ്മദ് കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ മരണം കോവിഡ് മൂലമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ പ്രാഥമിക നിഗമനം.

ആറുദിവസം മുന്‍പാണ് കോട്ടയ്ക്കല്‍ സ്വദേശിയുമായി അടുത്തിടപഴകിയത്. തുടര്‍ന്ന് ഇദ്ദേഹത്തോട് 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. അതിനിടെ നടത്തിയ ആദ്യ ഘട്ട പരിശോധനയിലാണ് ഫലം നെഗറ്റീവായത്. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഇന്ന് ഇദ്ദേഹത്തിന് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് രണ്ടാമത്തെ പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കു.