സ്പ്രിം​ഗ്ളർ കരാർ; ഉത്തരവാദിത്തവും ഏറ്റെടുത്ത് ഐടി സെക്രട്ടറി: നിയമപരമായി വിഷയം പരിശോധിക്കാൻ വെല്ലുവിളി

single-img
18 April 2020

വിവാദമായ സ്പ്രിം​ഗ്ളർ  കരാറിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഐടി സെക്രട്ടറി എം ശിവശങ്കര്‍ രംഗത്ത്. സ്വന്തം വിചേനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തത്. അതിന് നിയമവകുപ്പിന്റെ നിയമോപദേശം വേണ്ടതില്ല എന്നാണ് തന്റെ വിലയിരുത്തലെന്ന് ശിവശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചത്. ഒരു സാധനം വാങ്ങുന്നതിന് നിയമവകുപ്പില്‍ നിന്ന് നിയമോപദേശം തേടേണ്ടതിന്റെ ഒരു സാഹചര്യവുമുളളതായി വിലയിരുത്തുന്നില്ല. തന്റെ തീരുമാനം ശരിയല്ലെങ്കില്‍ പരിശോധിക്കട്ടെ.നിലവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നിയമപരമായി വിഷയം പരിശോധിക്കട്ടെ. അതനുസരിച്ചുളള തീരുമാനം വരട്ടെ- ശിവശങ്കര്‍ പറഞ്ഞു.

‘ഞാന്‍ സര്‍ക്കാരിന്റെ ഭാഗമാണ്. പര്‍ച്ചെയ്‌സ് ഓര്‍ഡറില്‍ ഞാനാണ് ഒപ്പിട്ടത്. തീരുമാനം എല്ലാം എന്റേതായിരുന്നു. പര്‍ച്ചെയ്‌സ് ഓര്‍ഡര്‍ ഏപ്രിലിലാണ് പുറത്തുവന്നതെങ്കിലും ഏപ്രില്‍ 25 മുതല്‍ വിവര ശേഖരണം ആരംഭിച്ചിരുന്നു. അതിന് മുന്‍പ് തന്നെ പര്‍ച്ചെയ്‌സ് ഓര്‍ഡറും അപേക്ഷയും കമ്പനി നല്‍കിയിരുന്നു. ഇതനുസരിച്ചുളള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോയത്. പിന്നീടാണ് ഉത്തരവ് പുറത്തുവന്നത് എന്നുമാത്രം´-  ശിവശങ്കര്‍ പറഞ്ഞു. 

കരാറില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന് എന്ന പേരില്‍ നാട്ടിലെ സുപ്രധാനമായ ആരോഗ്യവിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവാണ് സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.