ലോക്ക് ഡൌണ്‍: കാസര്‍കോട് ജില്ലയില്‍ നിന്നും മൂന്ന് ദിവസംകൊണ്ട് കാല്‍നടയായി വയനാട്ടിലെത്തി; ഒടുവില്‍ പരിശോധനയില്‍ പിടിയില്‍

single-img
18 April 2020

കൊവിഡ്-19 റെഡ് സിഗ്നൽ ഹോട്ട് സ്‌പോട്ട് ആയി കേന്ദ്രവും സംസ്ഥാനവും വിലയിരുത്തിയ കാസര്‍കോട് ജില്ലയില്‍ നിന്നും മൂന്നു ദിവസംകൊണ്ട് കാല്‍നടയായി വയനാട്ടിലെത്തിയ ആളെ പോലീസ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ബുധനാഴ്ച വെളുപ്പിന് രണ്ട് മണിയോടെ തോണിച്ചാല്‍ പള്ളിക്കല്‍ റോഡില്‍ പോലീസ് നടത്തിയ രാത്രി പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലാകുന്നത്. മാനന്തവാടി പോലീസ് സ്റ്റേഷനിലെ എഎസ്ഐ സി.കെ. രവി, ഡ്രൈവര്‍ കെ ഇബ്രാഹിം എന്നിവര്‍ പ്ട്രോളിങ്ങിനിടെ ഒരാള്‍ നടന്നുവരുന്നത് കണ്ടത്. അടുത്തെത്തി ചോദ്യം ചെയ്തപ്പോള്‍ മീനങ്ങാടിയിലെ ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞു. കൂടുതല്‍ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഇയാൾ കാസര്‍കോട് നിന്ന് വരികയാണെന്ന വിവരം പറയുന്നത്.

കൊല്ലം സ്വദേശിയായ ഇയാള്‍ കാസർകോട് ജില്ലയിലെ ബന്ധുവീട്ടിലായിരുന്നു. അവിടെ നിന്നാണ് വയനാട് ജില്ലയിലെ മീനങ്ങാടിയിലെ ബന്ധുവീട്ടിലേക്ക് കാല്‍നടയായി പുറപ്പെട്ടത്. നടക്കുന്നതിനിടെ ഒരുദിവസം രാത്രി ഇരിട്ടിയില്‍ കഴിഞ്ഞു. പിറ്റേ ദിവസം പകല്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ എത്തി. അവിടെനിന്നും രാത്രി മീനങ്ങാടിയിലേക്ക് നടക്കവേ വഴിതെറ്റിയാണ് ഇയാള്‍ പള്ളിക്കല്‍ റോഡില്‍ എത്തിയതെന്ന് പോലീസ് പറയുന്നു.