ട്വിറ്ററിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തുടങ്ങണം: കങ്കണ റണൗത്ത്

single-img
18 April 2020

സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന് കാണിച്ച് തന്‍റെ സഹോദരി രംഗോളി ചന്ദേലിന്‍റെ അക്കൗണ്ട് പൂട്ടിയ സോഷ്യല്‍ മീഡിയയായ ട്വിറ്ററിനെതിരെ നടി കങ്കണ റണൗത്ത്. രാജ്യത്ത് ട്വിറ്ററിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ഇന്ത്യ സ്വന്തമായി ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കങ്കണ അഭ്യര്‍ത്ഥന നടത്തി.

സമൂഹത്തില്‍ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് തനിക്കും സഹോദരി രംഗോളിക്കുമെതിരായ ആരോപണം തെറ്റാണെന്നും സംവിധായിയ റീമ കഗ്‍തിയെപ്പോലുള്ളവര്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ കങ്കണ പറയുന്നു.

“മൊറാദാബാദില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും ആക്രമിച്ചവരെ മാത്രമാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. അങ്ങിനെയല്ലാതെ അതില്‍ വംശീയ വിദ്വേഷമില്ല”, കങ്കണ വീഡിയോയില്‍ പറയുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ആര്‍എസ്എസിനെയും ‘തീവ്രവാദികള്‍’ എന്ന് സംബോധന ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ട്വിറ്റര്‍ ശരിയായ തീവ്രവാദികളെ അത്തരത്തില്‍ സംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്നും കങ്കണ പറയുന്നു.

യുപിയിലെ മൊറാദാബാദില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമെതിരെ കല്ലേറു നടന്നിരുന്നു. ഈ വിഷയത്തെ മുന്‍നിര്‍ത്തിയായിരുന്നു ട്വിറ്ററിലൂടെ രംഗോളി ചന്ദേലിന്‍റെ വിദ്വേഷ പ്രചാരണം.