ഇറ്റലിയിൽ നിന്നും നല്ലവാർത്ത: കോവിഡ് കേസുകളിൽ വലിയ കുറവ് വന്നു തുടങ്ങി

single-img
18 April 2020

മഹാമാരിയിൽ നിന്നും ഇറ്റലി കരകയറുന്നതായി സൂചനകൾ. കഴി‌ഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത് 2,972 കൊവിഡ് കേസുകൾ മാത്രം. ഇതാദ്യമായാണ് ഒരു ദിവസം റിപ്പോർട്ട് ചെയുന്ന കേസ് 3000 ത്തിന് താഴെയെത്തുന്നത്. തിങ്കളാഴ്ച 3,153 കൊവിഡ് കേസുകളായിരുന്നു ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. 

രാജ്യത്ത് ആകെ 1,62,488 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 21,067 പേരാണ് ഇതുവരെ മരിച്ചത്. 602 പേരാണ് ഇന്നലെ മാത്രം മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,695 പേർക്ക് രോഗം ഭേദമായി. 

ഇറ്റലിയിലെ ബസലിക്കാറ്റ, മോലിസെ എന്നിവിടങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കൊവിഡ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അംബ്രിയായിൽ 24 മണിക്കൂറിനിടെ ഒരു കൊവിഡ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 

ഇറ്റലിയിൽ ഇതേവരെ മരിച്ച ഡോക്ടർമാരുടെ എണ്ണം 116 ആയതായും 16,000ത്തിലേറെ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായും നാഷണൽ ഹൈയർ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളായി 500നും 600നും ഇടയ്ക്കാണ് ഇറ്റലിയിൽ ഒരു ദിവസത്തെ മരണ സംഖ്യ റിപ്പോർട്ട് ചെയ്യുന്നതെന്നുള്ളത് ശുഭപ്രതീക്ഷയാണെന്ന് ഇറ്റാലിയൻ ആരോഗ്യ പ്രവർത്തകർ പറയുന്നു.