സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ ദുബായില്‍ നിന്നും വന്നവര്‍

single-img
18 April 2020

കേരളത്തിൽ ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍3, കോഴിക്കോട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 3 പേര്‍ ദുബായില്‍ നിന്നും വന്നപ്പോൾ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കണ്ണൂര്‍ ജില്ലയിലുള്ള 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 2 പേർ ഇന്ന് രോഗമുക്തി നേടി. കാസർകോട് ജില്ലയിൽ നിന്നുള്ള 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. സംസ്ഥാനത്താകെ 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

ഇനി 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. അതേപോലെ തന്നെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരിൽ നിന്നും 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പുതുതായി 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചപ്പോൾ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.