മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരം: മുംബൈയില്‍ 29 മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ്

single-img
18 April 2020

മുംബൈയില്‍ 29 മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ്. ജസ്‌ലോക് ആശുപത്രിയില്‍ 26 മലയാളി നഴ്‌സുമാരടക്കം 31 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഇവരെല്ലാം നിരീക്ഷണത്തിലാണ്.

ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്ക് നേരത്തെ രോഗം പിടിപെട്ടിരുന്നു. ഇവരില്‍നിന്നാണ് 26 പേര്‍ക്കും വൈറസ് പകര്‍ന്നതെന്നാണ് സൂചനകൾ പുറത്തു വരുന്നത്. കൂടാതെ ബോംബെ ആശുപത്രിയിലെ 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്. ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ നഴ്‌സുമാണ്. 

മുംബൈയില്‍ ഒരു മലയാളി ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം രാത്രി പുറത്തുവിട്ട കണക്ക് പ്രകാരം ഭാട്ട്യ ആശുപത്രിയിലെ മലയാളി നഴ്‌സിനും പുതുതായി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതടക്കം 100ലേറെ മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിലവില്‍ മഹാരാഷ്ട്രയില്‍ കോവിഡ് രോഗം പിടിപെട്ടിട്ടുണ്ട്.

മുംബൈയിലെ പല ആശുപത്രികളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ലഭിക്കുന്നില്ലെന്ന് നിരവധി പരാതികള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. 3,320 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്.