കോവിഡ് 19: വുഹാന്‍ നഗരത്തില്‍ മരണസംഖ്യയില്‍ 50 ശതമാനം വര്‍ദ്ധന

single-img
17 April 2020

കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ മരണസംഖ്യയില്‍ വൻ വര്‍ദ്ധന. ഇന്ന് പുറത്തുവിട്ട പുതിയ കണക്കു പ്രകാരം 50 ശതമാനത്തോളം വർധനയാണ് ഉണ്ടായിരിക്കുന്നത്. പല കേസുകളും വിട്ടുപോയിട്ടുണ്ടായിരുന്നു എന്ന വിചിത്രമായ ന്യായീകരണമാണ് അധികൃതരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്, എന്നാണ് വാർത്ത ഏജൻസി ആയ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വുഹാനിൽ മരണ സംഖ്യ 50 ശതമാനം കൂടി 3869 ആയി. നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് പ്രകാരം ചൈനയിലെ ആകെ മരണസംഖ്യ ഇതിലും കുറഞ്ഞനിലയിലാരുന്നു. വുഹാനിലെ കണക്ക് പുറത്തുവന്നതോടെ ചൈനയിലെ ആകെ മരണസംഖ്യ 4632 ആയി ഉയർന്നു. ചൈന യഥാര്‍ത്ഥ മരണ വിവര കണക്കുകൾ പുറത്തുവിടുന്നില്ലെന്ന മറ്റ് രാജ്യങ്ങളുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് വുഹാനിലെ മരണക്കണക്ക് പുറത്തുവന്നിരിക്കുന്നത്.

ആശുപത്രികളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വൈകിയാണ് വന്നതെന്നും, കോവിഡ് പോസിറ്റീവ് ആയ പലരും വീടുകളില്‍ മരിച്ചതായും വുഹാന്‍ മുനിസിപ്പല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അറിയിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു. പല ഹോസ്പിറ്റലുകളിലും രോഗികളെ പ്രവേശിപ്പിക്കാന്‍ പോലും കഴിയാത്തത്ര തിരക്കുണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെല്ലാം ജീവന്‍ രക്ഷിക്കുന്ന തിരക്കിലായിരുന്നതിനാല്‍ കൃത്യമായ റിപ്പോര്‍ട്ടിംഗ് സാധ്യമായില്ലെന്നും ചൈനീസ് പ്രാദേശിക ഭരണകൂടം വാദിക്കുന്നു. 50333 പുതിയ കേസുകളാണ് വുഹാനില്‍ മാത്രം വന്നിരിക്കുന്നത്. അതേസമയം കണക്കുകള്‍ മറച്ചുവച്ചിട്ടില്ലെന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ കണക്ക് അപ്‌ഡേറ്റ് ചെയ്യുകയായിരുന്നുവെന്നും ചൈനീസ് ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ കൊവിഡുമായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യുകെയും ഫ്രാന്‍സും പിന്തുണ നല്‍കിയിരുന്നു. വവ്വാലുകളെക്കുറിച്ച് പഠിക്കുന്ന വുഹാനിലെ ലബോറട്ടറിയില്‍ നിന്നാണ് വൈറസ് പുറത്തുവന്നത് എന്ന് ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തിന് ചൈന മറുപടി പറയണമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക്ക് റാബും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും പറഞ്ഞിരുന്നു. അതേസമയം ചൈനയെ ആക്രമിക്കുന്ന നീക്കങ്ങളെ എതിര്‍ത്തുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും രംഗത്തെത്തിയിരുന്നു.