സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം; ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍ 78,980

single-img
17 April 2020

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലെ ഒരാൾക്ക് മാത്രമാണ്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തർ വീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.

കേരളത്തിൽ ആകെ ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അവരിൽ 138 പേര്‍ ചികിത്സയിലാണ്. 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് പുതുതായി 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 18,029 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണത്തിൽ രോഗബാധ ഇല്ല എന്നുറപ്പാക്കി.