ആപത്ഘട്ടത്തിൽ ഉണർന്നു പ്രവർത്തിച്ചു, കോവിഡ് വോട്ടായി; ദക്ഷിണ കൊറിയയിൽ‌ മൂണിന് വൻവിജയം

single-img
17 April 2020

സോൾ: ജനങ്ങൾക്ക് വേണ്ടത് ആപത്ഘട്ടങ്ങളിൽ ജനഹിതം അറിഞ്ഞു പ്രവർത്തിക്കുന്ന നേതാവിനെയാണ്. ഭരണ മികവിനെ കുറ്റപ്പെടുത്തിയും പരാജയപ്പെടുത്താൻ ശ്രമിച്ചും പാരവയ്ക്കുന്ന നേതാക്കളെ ജനങ്ങൾ തിരിച്ചറിയുകയും കൈവിടുകയും ചെയ്യും. തെളിവുകൾ ആവശ്യമുണ്ടെങ്കിൽ ദക്ഷിണ കൊറിയയിൽലേക്ക് നോക്കാം. കോവിഡ് ഭീഷണിക്കിടെ ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് മൂൺ ജേ ഇന്നിന്റെ ഡെമോക്രാറ്റിക് പാ‍ർട്ടിക്കു വൻ തിരഞ്ഞെടുപ്പു വിജയം. കോവിഡിനെ നേരിടുന്നതിലെ മികവാണു നേട്ടമായത്. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷം ലോകത്തു നടന്ന ആദ്യ ദേശീയതല തിരഞ്ഞെടുപ്പെന്ന നിലയിൽ ഇതു ശ്രദ്ധയാകർഷിച്ചിരുന്നു.

ഫെബ്രുവരിയിൽ ആദ്യം രോഗം പടർന്നപ്പോൾ മൂണിനു ജനപിന്തുണ കുറഞ്ഞിരുന്നു. എന്നാൽ, സർക്കാർ ഉണർന്നു പ്രവർത്തിച്ചതോടെ കാറ്റ് അനുകൂലമായി. 300ൽ 180 സീറ്റാണ് മൂണിന്റെ ഡെമോക്രാറ്റിക് പാർട്ടിയും സഖ്യകക്ഷിയും കൂടി നേടിയത്. 120 സീറ്റേ നിലവിലുണ്ടായിരുന്നുള്ളൂ. പ്രധാന പ്രതിപക്ഷമായ കൺസർവേറ്റിവ് മുന്നണിക്ക് 103 സീറ്റേ കിട്ടിയുള്ളൂ.

ഗങ്നം ജില്ലയിൽ, ദക്ഷിണ കൊറിയൻ പക്ഷത്തേക്കു കൂറുമാറിയ ഉത്തര കൊറിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ തായ് യോങ് ഹോ പ്രതിപക്ഷ സ്ഥാനാർഥിയായി ജയിച്ചു. ഉത്തര കൊറിയയുടെ ലണ്ടൻ എംബസിയിൽ ഉപ സ്ഥാനപതിയായിരുന്ന ഇദ്ദേഹം 2016ലാണു കൂറുമാറിയത്.