പ്രവാസികൾക്കു ആശ്വാസം: തൊഴിലാളികളുടെ ശമ്പളം കമ്പനികൾക്ക് തോന്നുന്ന രീതിയിൽ കുറയ്‌ക്കാൻ കഴിയില്ലെന്നു ഒമാൻ

single-img
17 April 2020

കൊവിഡിന്റെ പേരിൽ തൊഴിലാളികളുടെ ശമ്പളം കമ്പനികൾക്ക് തോന്നുന്ന രീതിയിൽ കുറയ്‌ക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി ഒമാൻ. ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികൾ മതിയായ തെളിവുകൾ ഹാജരാക്കേണ്ടതുണ്ടെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അൽ ബക്രി അറിയിച്ചു.  നിലവിലെ സാഹചര്യങ്ങൾ സ്ഥാപനത്തിെന്റ പ്രവർത്തനത്തെ എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നതിനുള്ള തെളിവുകളാണ് ഹാജരാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

 സുപ്രീം കമ്മിറ്റി അനുമതി നൽകിയ ശമ്പളം കുറക്കുന്നതടക്കം നടപടികൾ ഇതിന് ശേഷം മാത്രമേ കൈകൊള്ളാൻ പാടുള്ളൂവെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.മാത്രമല്ല തൊഴിലാളികളുമായി ധാരണയിൽ എത്തിയ ശേഷം മാത്രമേ ശമ്പളം കുറക്കാൻ പാടുള്ളൂ. സുപ്രീം കമ്മിറ്റി തീരുമാനം വരുന്നതിന് മുമ്പ് വേതനത്തിൽ കുറവ് വരുത്തിയ കമ്പനികളുമായി ചർച്ചകൾ നടന്നുവരുകയാണ്. ഇവർ ഇങ്ങനെ കുറവ് വരുത്തിയ പണം തൊഴിലാളികൾക്ക് തിരികെ നൽകണമെന്നും നിർദേശമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

വേതനം കുറക്കുന്നതടക്കം നടപടികൾ കൈകൊള്ളുന്നതിന് മുമ്പ് സാധ്യമായ എല്ലാ പരിഹാര മാർഗങ്ങളും തേടണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. പ്രതിസന്ധിയിലുള്ള കമ്പനികൾക്ക് തൊഴിലാളികളുമായുള്ള ധാരണ പ്രകാരം ജോലി സമയത്തിലെ കുറവിന് ആനുപാതികമായി ശമ്പളം കുറക്കുന്നതിനും വിദേശ തൊഴിലാളികളുടെ തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിനും കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അനുമതി നൽകിയിരുന്നു.