കാലുകുത്താൻ ഇടമില്ലാതെ രണ്ടുമാസത്തോളം നടുക്കടലില്‍ ; 24 റോഹിൻഗ്യൻ അഭയാർത്ഥികൾ വിശന്ന് മരിച്ചു

single-img
17 April 2020

ധാക്ക: പുതിയൊരു ജീവിതം ലക്ഷ്യമാക്കി മരണത്തിന്റെ വാതിൽ തുറന്നിട്ടുകൊണ്ട് യാത്ര നടത്തുന്നവരാണ് ലോകത്തിലുള്ള മുഴുവൻ അഭയാര്ഥികളും. നയിക്കുന്ന ജീവിതത്തേക്കാൾ മരണം തന്നെ ഭേദമെന്ന് തോന്നുമ്പോൾ രണ്ടും കല്പ്പിച്ചു യാത്ര തുടങ്ങുന്നവർ. അഭയാർഥികളുടെ മറ്റൊരു കൂട്ട മരണ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊവിഡ് ജാഗ്രതയെ തുടർന്ന് കടലിൽ അകപ്പെട്ട കപ്പലിൽ 24 റോഹിൻഗ്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു.

മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ടുമാസമായി കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. കപ്പലിൽ ഉണ്ടായിരുന്ന ബാക്കി 382 പേരെ രക്ഷപെടുത്തിയതായും ഇവരെ ഉടൻ മ്യാൻമാറിലേക്ക് തിരിച്ചു അയക്കുമെന്നും ബംഗ്ലാദേശ് തീരദേശ സേന അറിയിച്ചു.

കടലില്‍ അകപ്പെട്ട കപ്പലില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലായി ഉണ്ടായിരുന്നത്. വിശന്ന് തളര്‍ന്നതിനാല്‍ പലര്‍ക്കും നേര നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വിശപ്പ് സഹിക്കാതെ ആളുകള്‍ ദേഹോപദ്രവം നടത്തിയിരുന്നെന്ന് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു. അതേസമയം റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുമായി പോയ നിരവധി കപ്പല്‍ കടലില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്.