`മുസ്ലീം ലീഗിൻ്റെ ഇടതു മുന്നണി പ്രവേശനം തടയുക´: കെഎം ഷാജിയുടെ ആരോപണങ്ങളുടെ യഥാർത്ഥ ലക്ഷ്യം

single-img
17 April 2020

ദിനു മാവിലോടൻ

രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് അപ്പുറം ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അഭിമുഖീകരിച്ചത് ഒന്നും തന്നെ രാഷ്ട്രീയം ആയിരുന്നില്ല. ഓഖി, നിപ, പ്രളയം, എച്ച് വണ്‍ എന്‍ വണ്‍- അങ്ങിനെ പ്രകൃതി ഒരുക്കിയ വെല്ലുവിളികളെ ആയിരുന്നു. ഏതൊരു ഭരണാധികാരിയുടെയും കഴിവുകള്‍ വിലയിരുത്തപ്പെടുന്ന ദുഷ്ക്കരമായ കാലഘട്ടങ്ങളെ വിജയകരമായി അതിജീവിച്ചാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന ഈമന്ത്രിസഭ ഇപ്പോള്‍ കൊറോണയ്ക്കെതിരായ പ്രതിരോധം തീര്‍ക്കുന്നത്.

പല പ്രതിസന്ധി ഘട്ടങ്ങളിലും സന്നദ്ധ പ്രവര്‍ത്തകര്‍ സംഘടനകളുടെ പേരില്‍ അല്ലാതെ, സര്‍ക്കാരിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ ആയിമാറുന്ന കാഴ്ചയും മലയാളികളുടെ ഒരുമയുടെ പ്രതീകമായി പലപ്പോഴും കാണാന്‍ സാധിച്ചു.രാഷ്ട്രീയത്തിന്റെ അപ്പുറം മാനവികതയും സഹജമായ നേതൃപാടവവും മുഖ്യമന്ത്രിയെ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും സമ്മതനാക്കി എന്ന് പറയുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസിന് അദ്ദേഹം ഒരിക്കലും സമ്മതനാകില്ല. അതിന്റെ കാരണം, ഈ സര്‍ക്കാര്‍ വീണാല്‍ മാത്രമേ അവര്‍ക്ക് അധികാരത്തില്‍ വരാനാകൂ. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ലഭിക്കുന്ന അധികാരം ഇല്ലെങ്കില്‍ പിന്നെ കോണ്‍ ഗ്രസ് കേരളത്തില്‍ ഉണ്ടാവില്ല.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പ്രതിപക്ഷ മുന്നണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ പിന്തുണ കിട്ടിയത് മുസ്ലിംലീഗില്‍ നിന്നാണ്. ലീഗും, അതിന്റെ എല്ലാ പോഷക സംഘടനകളും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും അതില്‍ ഭാഗമാകാനും തയ്യാറായി. എതിര്‍ രാഷ്ട്രീയത്തിന്റെ വക്താവ് എന്നതിന് അപ്പുറം മികച്ച ഒരു ഭരണാധികാരി എന്ന് മുഖ്യമന്ത്രിയെ അഭിനന്ദിക്കാനും പലരും തയ്യാറായി.

ഈ ഒരു സാഹചര്യത്തില്‍ തുടര്‍ ഭരണത്തിന്റെ സാധ്യതകള്‍ ഇടത് മുന്നണിക്കൊപ്പം നില്‍ക്കവേ ലീഗ് ഒരു എല്‍ഡിഎഫ് പ്രവേശനം ആഗ്രഹിച്ചാല്‍ അതിനെ തെറ്റ് പറയാന്‍ സാധിക്കില്ല.(ഇടത് മുന്നണി അത് ആഗ്രഹിക്കുന്നില്ല എങ്കില്‍കൂടി) ഒരി ക്കല്‍ വിഎസും സിപിഎമ്മും സിപിഐയും തകര്‍ത്ത ഇടത് മുന്നണി പ്രവേശനം എന്ന ലീഗിന്‍റെ ആഗ്രഹം ഇപ്പോള്‍ ഒരു പക്ഷെ ഉപാധികള്‍ ഇല്ലാതെകൂടി ആകാനുള്ള സാധ്യതയും ഉണ്ട്. ലീഗ് മുന്നണിയില്‍ പ്രവേശിച്ചാലും ഇല്ലെങ്കിലും ആ രീതിയില്‍ ഒരു ചര്‍ച്ച വന്നാല്‍ ആദ്യം ലീഗില്‍ ഒറ്റപ്പെടുക വര്‍ഗീയതുടെ മുഖമായി ശമ്പളവും വോട്ടും ഇല്ലാതെ നിയമസഭയില്‍ ഇരുന്ന കെഎം ഷാജി ആകും.

എന്ത് വിലകൊടുത്തും ലീഗിന്‍റെ ഇടത് മുന്നണി സാധ്യതകളെ ഇല്ലാതാക്കുക എന്നത് കെഎംഷാജിയുടെ മാത്രം ആവശ്യമല്ല. അത് ലീഗില്‍ തന്നെ ഷാജിയുടെ ലൈന്‍ പിന്തുടരുന്നവര്‍ സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രത്യക്ഷ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ അപ്പുറം മറ്റൊരു വിശാല ഇടവും രൂപീകരിച്ചിട്ടുണ്ട്. അതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും തീവ്രവര്‍ഗീയ- തീവ്ര ഇടത് എന്നിങ്ങിനെ വിപുലമായ ഒരു ചേരിയും ഉണ്ട്. അവരെ പ്രതിനിധീകരിക്കുക എന്നൊരു കര്‍മം മാത്രമേ കെഎം ഷാജി ചെയ്തിട്ടുള്ളൂ. തുടര്‍ ഭരണം ഇടത് മുന്നണിക്ക്‌ പോയാലും ഒരു എംഎല്‍എഎങ്കിലും ആയി നില്‍ക്കാന്‍ പറ്റിയില്ല എങ്കില്‍ പിന്നെ അപ്രസക്തമാകുന്ന രാഷ്ട്രീയമേ ഇവര്‍ക്കുള്ളൂ.