ജലദോഷം വന്നാൽപ്പോലും ഗുളിക തിന്നുന്ന രീതി മലയാളി അവസാനിപ്പിക്കുന്നു: മാസം 900 കോടിക്ക് മരുന്നുകള്‍ വിറ്റിരുന്ന കേരളത്തില്‍ രണ്ടാഴ്ചയ്ക്കിടെ വിറ്റത് 50 കോടിക്കു താഴെ

single-img
17 April 2020

ജലദോഷത്തിന്റെ ലക്ഷണം കണ്ടാല്‍പ്പോലും ആശുപത്രിയിലേക്കോ മെഡിക്കല്‍ സ്‌റ്റോറിലേക്കോ ഓടിയിരുന്ന മലയാളികൾ പാഠം പഠിക്കുന്ന തിരക്കിലാണ്. എന്തിനുമേതിനും മരുന്ന് വിഴുങ്ങേണ്ടെന്നുള്ള തീരഒമാനത്തിലാണ് അവരിപ്പോൾ എത്തിയിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ കാലം കഴിയുന്നതോടെ മലയാളികളുടെ മരുന്ന് ഉപഭോഗത്തിനും മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. 

കേരളത്തില്‍ മാസം ശരാശരി 900 കോടി രൂപയുടെ മരുന്നുകള്‍ വിറ്റിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കോവിഡ് ലോക്ക്ഡൗണിലെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിറ്റത് 50 കോടിയില്‍ത്താഴെ മാത്രമാണ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റേതാണു കണക്ക്. 

ഈ മാസത്തെ മൊത്തം മരുന്നുവില്‍പ്പന 100 കോടിയില്‍ത്താഴെയേ വരൂ. 800 കോടി രൂപയുടെ മരുന്നില്ലാതെയും ജീവിക്കാനാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചയുടന്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ വന്‍ തിരക്കായിരുന്നു. മിക്കവരും വാങ്ങിസൂക്ഷിച്ചത് പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവയ്ക്കു പ്രതിവിധിയായി പതിവായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകള്‍. ഡോക്ടറുടെ കുറിപ്പടികള്‍ വേണ്ടാത്ത ഈ മരുന്നുകള്‍ താരതമ്യേന വില കുറഞ്ഞവയാണ്. 

എന്നാല്‍ ആന്റിബയോട്ടിക്കുകളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കാറില്ല. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും വളരെ കുറവാണ്.