ആ മരുന്നിന് ഒരത്ഭുതവുമില്ല: കോവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ ഫലപ്രദമല്ലെന്നു പഠനങ്ങൾ

single-img
17 April 2020

മലേറിയയ്ക്കെതിരെ ഉബയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്നതിനെ ലോകമെമ്പാടും സ്വീകാര്യതയാണ്. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇന്ത്യയിൽനിന്ന് ഈ മരുന്ന് വാങ്ങുകയും ചെയ്തു. എന്നാൽ കോവിഡ് 19 ചികിത്സയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ഫലപ്രദമല്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 

കോവിഡ് -19 ചികിത്സയ്ക്ക് ഈ മരുന്ന് ഫലപ്രദമല്ലെന്ന് വ്യക്തമാക്കുന്നത്ചൈനയിലെ ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാലയിലെ ഗവേഷകരാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 150 രോഗികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. 75 രോഗികളുള്ള ഒരു ഗ്രൂപ്പിന് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകിയശേഷം പതിവ് ചികിത്സ ലഭ്യമാക്കി. ബാക്കി 75 പേർക്ക് സാധാരണ ചികിത്സയും നൽകി. 

മൂന്ന് ദിവസത്തേക്ക് പ്രതിദിനം 1,200 മില്ലിഗ്രാം ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നാണ് ആദ്യ ഗ്രൂപ്പിന് നൽകിയത്. പിന്നീടുള്ള ദിവസങ്ങളിൽ ഇത് 800 മില്ലിഗ്രാം ഡോസാക്കി.  എച്ച്സിക്യുവിന്റെ ഫലമായി ചില അനുബന്ധ രോഗലക്ഷണങ്ങൾക്ക് ശമനമുണ്ടാകുന്നുണ്ടെങ്കിലും കോവിഡ് -19 ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ വൈറസിൻ്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നില്ലെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. 

എച്ച്സിക്യു മരുന്ന് കോവിഡ് -19 രോഗികളെ ചികിത്സിക്കുമ്പോൾ നല്ല ഫലങ്ങൾ കാണിക്കുന്നുവെന്ന മുൻ പഠനങ്ങളിൽ നിരവധി പരിമിതികളുണ്ടെന്നും അവ ജാഗ്രതയോടെ കാണണമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം ഒരാളിൽ കാഴ്ച മങ്ങിയതിന്റെ ലക്ഷണങ്ങൾ വന്നത് ഒഴിച്ചാൽ നിലവിലെ പഠനത്തിൽ രോഗികളിൽ മരുന്നിന്റെ പ്രതികൂല പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. 

വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ മരുന്നാണ് എച്ച്സിക്യൂ. രോഗം മൂർച്ഛിക്കുന്നത് തടയുന്നതിൽ എച്ച്സിക്യുവിന്റെ ക്ലിനിക്കൽ നേട്ടങ്ങൾ വിലയിരുത്തുന്നതിനുള്ള ഭാവി പരീക്ഷണങ്ങൾ തുടരുന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.