ക്യാമറയ്ക്ക് മുന്നില്‍ മാന്യത ആകാം; ഷര്‍ട്ടിടാതെയും കിടക്കയിലിരുന്നും വീട്ടിലിരുന്ന് തോന്ന്യവാസം കാണിക്കുന്നവരെ വിമർശിച്ച് ജഡ്ജി

single-img
17 April 2020

കൊറോണ വ്യാപനത്തെ തുടര്‍ന്ന് കോടതിവിചാരണ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഇപ്പോള്‍ മിക്ക രാജ്യങ്ങളിലും നടക്കുന്നത്. വീടുകളിൽ ആയിരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിൽ പങ്കെടുക്കുന്നവർ സൃഷ്ട്ടിക്കുന്ന പുകിലുകൾ ചില്ലറയൊന്നുമല്ല. ഒടുവിൽ ഫ്‌ളോറിഡയിലെ ബ്രൊവാഡ് സര്‍ക്യൂട്ട് കോടതിയിലെ ജഡ്ജി ഡെന്നിസ് ബെയ്‌ലിക്ക് ക്യാമറയ്ക്ക് മുന്നില്‍ മാന്യതയാകാമെന്ന് അഭിഭാഷകരോട് പറയേണ്ടി വന്നിരിക്കുകയാണ്. വിചാരണയുള്‍പ്പെടെയുളള കോടതി നടപടികള്‍ നടക്കുമ്പോള്‍ കിടക്കയില്‍ നിന്ന് എണീറ്റ്, മാന്യമായി വസ്ത്രം ധരിച്ച് പങ്കെടുക്കുക എന്നാണ് ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്.

അഭിഭാഷകരില്‍ പലരും ‘നേരെ ചൊവ്വേ’യല്ല ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ബെയ്‌ലി പറയുന്നു. ഒരു അഭിഭാഷകന്‍ ഷര്‍ട്ടിടാതെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയതെന്നും മറ്റൊരു അഭിഭാഷക കിടക്കയില്‍ തന്നെയായിരുന്നുവെന്നും വെസ്റ്റണ്‍ ബാര്‍ അസോസിയേഷന്‍ അഭിഭാഷകര്‍ക്കായി പ്രസിദ്ധീകരിച്ച കത്തില്‍ പറയുന്നു. ഡെയ്‌ലിയുടെ നിര്‍ദേശപ്രകാരമാണ് ബാര്‍ അസോസിയേഷന്‍ കത്ത് പുറത്തിറക്കിയത്‌.

വീഡിയോ കോണ്‍ഫറന്‍സിനിടെ അഭിഭാഷകര്‍ സ്‌ക്രീനിലേക്ക് നോക്കാതെ ഫയലുകളിലേക്കും മറ്റും നോക്കിയിരിക്കുന്നതും ചിലപ്പോള്‍ ജനാലകളിലൂടെ പുറത്തേക്ക് നോക്കുന്നതുമാണ് കാണുന്നത്. വിചാരണ നടക്കുമ്പോള്‍ ഗൗരവത്തോടെ അതില്‍ ശ്രദ്ധിക്കണമെന്നും ബെയ്‌ലി ആവശ്യപ്പെട്ടു.

കൊറോണവ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 16 മുതലാണ് ഫ്‌ളോറിഡയില്‍ കോടതികള്‍ പൂട്ടിയത്. തുടര്‍ന്ന് ബ്രൊവാര്‍ഡ് കൗണ്ടിയിലെ കോടതികള്‍ 1,200 ഓളം വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തി. 14,000 ഓളം പേര്‍ ഇതില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സങ്കീര്‍ണമായ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താനാവില്ലെന്ന് ബെയ്‌ലി വ്യക്തമാക്കിയിരുന്നു.