ഇന്ത്യയിലുള്ള ബ്രിട്ടീഷ് പൗരന്മാരെ തിരികെ കൊണ്ടുപോകാൻ ചാര്‍ട്ടേഡ് വിമാനം അയക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍

single-img
17 April 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ സ്വന്തം രാജ്യത്തെത്തിക്കാന്‍ 17 ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. അടുത്ത ആഴ്ച തന്നെ ബ്രിട്ടീഷ് പൗരന്മാരെ കൊണ്ടുപോകാനുള്ള വിമാനങ്ങള്‍ അയക്കും. ഇപ്പോൾ 4000 ബ്രിട്ടീഷ് യാത്രക്കാരെ കൊണ്ടുപോകാനാണ് 17 വിമാനങ്ങള്‍ അയക്കുക.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 20,000ത്തിന് മുകളില്‍ ബ്രിട്ടീഷ് പൗരന്മാര്‍ നിലവിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ബ്രിട്ടന്‍ അറിയിച്ചത്. ഇതിന് മുൻപ് ബ്രിട്ടൻ 21 ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയച്ചിരുന്നു. അവയ്ക്ക് പുറമെയാണ് 17 വിമാനങ്ങള്‍ കൂടി അയക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ അഹമ്മദാബാദ്, അമൃത്സര്‍, ഡല്‍ഹി, മുംബൈ, ഗോവ , ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നായിരിക്കും ലണ്ടനിലേക്ക് വിമാന സൗകര്യം ഒരുക്കുക. പൗരന്മാരിൽ പ്രായമായവരെയും ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നവരെയുമാണ് ആദ്യം പരിഗണിക്കുക. ഇപ്പോൾ തന്നെ നിരവധി പേരാണ് വിമാനം ബുക്ക് ചെയ്യാനെത്തുന്നത്.

ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേരെ കണ്ടെത്താന്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ സഹായം തേടുമെന്ന് ആക്ടിംഗ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംപ്സണ്‍ പറഞ്ഞു. ഈ മാസം എട്ട് മുതല്‍ 20 വരെയാണ് ആദ്യത്തെ 21 വിമാനങ്ങള്‍ സര്‍വീസ് നടത്തുക.