ബിജെപി നേതാവിൻ്റെ വീട്ടിൽ പ്രവർത്തകർ എത്തിയപ്പോൾ അവിടെ ഐഎന്‍ടിയുസി കമ്മിറ്റി നടക്കുന്നു: സുഗതന് ബിജെപിയിലും കോൺഗ്രസിലും അംഗത്വം

single-img
17 April 2020

ബിജെപി നേതാവിന് കോണ്‍ഗ്രസിലും ഭാരവാഹിത്വം. ബിജെപിയുടെ ചാത്തന്നൂര്‍ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റായി ഒരു മാസം മുന്‍പ്‌ ചുമതലയേറ്റ സുഗതന്‍ പറമ്പലാണ് രണ്ടു പാർട്ടിയിലും അംഗത്വവുമായി മറ്റു പാർട്ടിക്കാരെ ഞെട്ടിക്കുന്നത്. 

പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവായിരുന്നു ഇയാള്‍ ആദ്യം. ബിജെപി അനുഭാവിയായി മാറിയതോടെ ഭാരവാഹിത്വം നല്‍കി. മണ്ഡലം വൈസ്‌ പ്രസിഡന്റായി ചുമതലയേറ്റതിന്‌ ശേഷം നടന്ന നിയോജക മണ്ഡലം കമ്മിറ്റിയിലും ഇയാള്‍ പങ്കെടുത്തു. പക്ഷേ കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയിലും സുഗതന്‍ പറമ്പല്‍ അംഗമാണ്‌. 

സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സുഗതന്റെ വീട്ടില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ എത്തിയപ്പോള്‍ ഇയാളുടെ വീട്ടില്‍ ഐഎന്‍ടിയുസി കമ്മിറ്റി നടക്കുകയായിരുന്നു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ ചെറിയ തര്‍ക്കത്തിലേക്കും കാര്യങ്ങളെത്തി.

കോണ്‍ഗ്രസില്‍ നിന്ന്‌ നാല്‌ വര്‍ഷം മുന്‍പ്‌ ബിജെപിയില്‍ എത്തിയ ബി ബി ഗോപകുമാറിന്റെ സ്വാധീനത്തിലാണ്‌ സുഗതനെ മണ്ഡലം വൈസ്‌ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്‌തത്‌. പക്ഷേ സുഗതനെ കോണ്‍ഗ്രസ്‌ ഐഎന്‍ടിയുസി മേഖല പ്രസിഡന്റ്‌, ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ എക്‌സിക്യൂട്ടീവ്‌ അംഗം എന്നീ ചുമതലകളില്‍ നിന്ന്‌ പുറത്താക്കിയിട്ടില്ല. സുഗതന്‍ ഈ ചുമതലകളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവിനെ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ആക്കിയതില്‍ ബിജെപി നേതൃത്വത്തിന്‌ പ്രദേശിക അംഗങ്ങൾ പരാതി നല്‍കിയിട്ടുണ്ട്‌. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന്‌ സുഗതന്‍ പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നത്‌ മുതല്‍ സുഗതന്‌ കോണ്‍ഗ്രസുമായി ബന്ധമില്ലെന്നാണ്‌ ഡിസിസി പ്രസിഡന്റ്‌ ബിന്ദു കൃഷ്‌ണ വ്യക്തമാക്കിയത്.