മൂന്ന് വയസുകാരിയുടെ ​ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു; കൊല്ലത്ത് മുത്തച്ഛനും പിതൃസഹോദരിയും അറസ്റ്റിൽ

single-img
17 April 2020

കൊല്ലത്ത് കുടുംബ വഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് തിളച്ച മീന്‍ കറി ദേഹത്തു വീണ് മൂന്നു വയസ്സുകാരിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.സംഭവത്തിൽ കുട്ടിയുടെ മുത്തഛനെയും, പിതൃസഹോദരിയെയും കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ശരീരത്തിൽ 35 ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. അറസ്റ്റ് ചെയ്യപ്പെട്ട അപ്പൂപ്പനും അച്ഛന്റെ സഹോദരിക്കും എതിരെ കൊലപാതക ശ്രമം അടക്കം വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്.

ഹൈദരാബാദിൽ ഡോക്ടറായി ജോലി നോക്കുന്ന ഭർത്താവ് ഗുജറാത്ത് സ്വദേശിനിയായ തന്നെ പ്രണയ വിവാഹം ചെയ്തതു മുതൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇന്നലെ വൈകുന്നേരത്തെ ദാരുണമായ സംഭവത്തിലേക്ക് എത്തിയതെന്നാണ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. വേറെ മതത്തിൽ പെട്ട യുവതിയെ ഭർത്താവിന്റെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. ​

ഗുജറാത്ത് സ്വദേശിനിയായ യുവതിയും കുട്ടികളും കഴിഞ്ഞ ഒരു വർഷമായി ഭർത്താവിന്റെ വീട്ടിലാണ് താമസം. ഈ പേരിൽ സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും പ്രശ്നങ്ങൾ ഉണ്ടായി. ആ സമയം മൂത്ത കുട്ടിയെ അച്ഛന്റെ അച്ഛൻ അടിക്കുകയും യുവതിയെ ഭർത്താവിന്റെ സഹോദരി കത്തികൊണ്ട് വരയുകയും ചെയ്തിരുന്നു.