മുഖ്യമന്ത്രി വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ തയ്യാറാവണം: ഉമ്മൻചാണ്ടി

single-img
16 April 2020

തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ എം ഷാജി എം എല്‍ എയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം നിര്‍ഭാഗ്യകരമായിപ്പോയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തിൽപ്രളയ ദുരിതാശ്വാസം അര്‍ഹരായവര്‍ക്ക് ലഭിച്ചില്ല എന്നതിലെയും കൃപേഷിന്റേയും, ശരത് ലാലിന്റെയും പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ചെലവാക്കിയതിലെയും ശരിയില്ലായ്മയാണ് ഷാജി എംഎല്‍എ ചൂണ്ടിക്കാണിച്ചത് എന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. അതോടൊപ്പം എന്തെങ്കിലും പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ അതിനെ പോസിറ്റീവ് ആയി കാണാന്‍ മുഖ്യമന്ത്രി ശ്രമിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന പിണറായി വിജയന്റെ അഭ്യര്‍ത്ഥനയെ പരിഹിസിച്ച കെഎം ഷാജി എംഎല്‍എക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. അതിനെ പിന്തുടർന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.