അസത്യം സത്യമാണെന്ന രൂപത്തില്‍ അവതരിപ്പിക്കുന്നത് മഹാ അപരാധമാണ്; ലീഗിനെതിരെ മന്ത്രി കെടി ജലീല്‍

single-img
16 April 2020

മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ പ്രളയ ഫണ്ട് വകമാറ്റി ചിലവഴിച്ചെന്നുള്ള കെഎം ഷാജി എംഎല്‍എയുടെ ആരോപണം നുണയാണെന്നും ഷാജി കൊവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും മന്ത്രി കെ ടി ജലീല്‍. ഈ കാര്യത്തിൽ ജനങ്ങളോട് കള്ളം പറയുന്നത് മാന്യമാണോ എന്ന് മുസ്‌ലീം ലീഗ് നേതൃത്വം ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആവശ്യമില്ലാത്ത വിവാദങ്ങളാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്. സമീപ ദിവസങ്ങൾ വരെ മുസ്‌ലീം ലീഗ് മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു നീങ്ങുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്. ഒരു ഘട്ടത്തില്‍ ലീഗും ലീഗിന്റെ പോഷക സംഘടനകളും സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായപ്പോഴാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിമാരിലൊരാള എംഎല്‍എയില്‍ നിന്നും സത്യസന്ധമല്ലാത്ത പരാമര്‍ശം വരുന്നത്. പ്രധാന കാര്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്ഥിരസംവിധാനമാണ്. അതിലേക്കായി എല്ലാ ബഡ്ജറ്റിലും പണം നീക്കിവെക്കാറാണ് പതിവ്.

ഇവിടെ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മൂലം ലഭിച്ച തുകയെല്ലാം അതത് കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കാറുണ്ട്. അക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തന്നെ നിര്‍ബന്ധബുദ്ധിയുണ്ട് എന്നതില്‍ ആര്‍ക്കും സംശയമുണ്ടെന്ന് തോന്നിയില്ല.
സംസ്ഥാനത്തെ പ്രളയകാലത്തെ സഹായ നിധിയിലേക്ക് ഒഴുകിയെത്തിയ 100 കണക്കിന് കോടി രൂപ അര്‍ഹതപ്പെട്ടവര്‍ക്ക് യഥാവിധി പണം നല്‍കിയ ചരിത്രമാണ് സര്‍ക്കാരിനുള്ളത്. ഈ സാഹചര്യത്തില്‍ തീര്‍ത്തും സത്യസന്ധമല്ലാത്ത, പച്ചനുണ എഴുന്നള്ളിക്കപ്പെട്ടിരിക്കുന്നത്. ലീഗിലെ എല്ലാ നേതാക്കളും ഈ പ്രസ്താവനയോട് യോജിക്കുമെന്ന് കരുതുന്നില്ലെന്നും ലീഗുമായി ബന്ധപ്പെട്ട എല്ലാ സംഘടനയും പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.