ഒരുകുപ്പി മദ്യം 3500 രൂപ: കൂത്താട്ടുകുളത്ത് ബാർ മാനേജരും സഹായിയും പിടിയിൽ

single-img
16 April 2020

കൂത്താട്ടുകുളത്ത് അനധികൃത മദ്യ വിൽപ്പന നടത്തിയ ബാർ മാനേജറും സഹായിയും അറസ്റ്റിലായി. പാമ്പാക്കുടയിലെ ബാർ ഹോട്ടൽ മാനേജർ പിറവം സ്വദേശി എംസി ജയ്സൺ, വിൽപ്പനയിൽ സഹായിച്ച കൂത്താട്ടുകുളം വടകര സ്വദേശി ജോണിറ്റ് ജോസ് എന്നിവരാണ് അറസ്റ്റിലായത്. 

ഇരട്ടി വിലയ്ക്ക് മദ്യം വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിക്കപ്പെട്ടത്. വാടക വീട്ടിൽ സൂക്ഷിച്ചാണ് ഇയാൾ മദ്യം ഇരട്ടി വിലയ്ക്ക് വിറ്റഴിച്ചത്. 67 കുപ്പി മദ്യം എക്സൈസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. 

ലോക്ക്ഡൗൺ അവസരമാക്കി 1500 രൂപയുടെ മദ്യത്തിന് 3500 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. കുത്താട്ടുകുളം യുപി സ്കൂളിന് സമീപത്തെ വാടക വീട്ടിൽ വെച്ചായിരുന്നു വിൽപ്പന. 

ജയ്സൺ ജോലി ചെയ്തിരുന്ന ബാറിൽ നിന്നാണോ മദ്യം എത്തിച്ചതെന്ന് എക്സൈസ് പരിശോധിച്ച് വരികയാണ്. ഈസ്റ്റർ വിഷു ദിവസങ്ങളിൽ നിരവധി പേർ ഇവരിൽ നിന്ന് മദ്യം വാങ്ങാനെത്തിയിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എക്സെെസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.