അമേരിക്കയിൽ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താൻ സമയമായെന്നു ട്രംപ്: പ്രസ്താവനയിൽ ഞെട്ടി രാജ്യം

single-img
16 April 2020

അമേരിക്കയില്‍ കോവിഡ്‌ 19ന്റെ അതിതീവ്ര ഘട്ടം അവസാനിച്ചതായി പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിൻ്റെ വെളിപ്പെടുത്തൽ. നിയന്ത്രണങ്ങളില്‍ ഇളവവ്‌ കൊണ്ടുവരുമെന്നും ട്രംപ്‌ പറഞ്ഞു.എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിന്‌ ഇടയില്‍ 2600ല്‍ അധികം മരണങ്ങളാണ്‌ അമേരിക്കയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 

6.35 ലക്ഷം പേര്‍ക്കാണ്‌ അമേരിക്കയില്‍ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. മരണ സംഖ്യ 28000 കടന്നു.

ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത്‌ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യാഴാഴ്‌ച പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച്  ഗവര്‍ണര്‍മാരുമായി സംസാരിക്കുമെന്നും ട്രംപ്‌ അറിയിച്ചു. കോവിഡ്‌ ആഘാതത്തില്‍ നിന്ന്‌ രാജ്യം ഉടന്‍ കരകയറുമെന്ന പ്രതീക്ഷയും ട്രംപ്‌ പങ്കുവെച്ചു.

ഗുരുതരമായ സാഹചര്യത്തിലും ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ നിലപാട്‌ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കിയിരിക്കുകയാണ്.  പുതിയ കോവിഡ്‌ കേസുകളുടെ എണ്ണം കുറഞ്ഞുവെന്നും ഈ കുറവ്‌ നിലനില്‍ക്കുമെന്നാണ്‌ കരുതുന്നതെന്നുമാണ് ട്രംപിൻ്റെ വാദം. 

മെയ്‌ ആദ്യവാരത്തോടെ കോവിഡ്‌ നിയന്ത്രണങ്ങള്‍ അമേരിക്കയില്‍ പൂര്‍ണമായും പിന്‍വലിക്കാനാവുമെന്നാണ്‌ ട്രംപ്‌ ഭരണകൂടത്തിന്റെ പ്രതീക്ഷ. എന്നാല്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ മെയിലേക്ക്‌ എത്തുന്നതിന്‌ മുന്‍പ്‌ തന്നെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവുമെന്ന്‌ ട്രംപ്‌ പറഞ്ഞു.