ബിജെപി കോവിഡ് പ്രതിരോധത്തിൽ സർക്കാരിനൊപ്പം തന്നെ, സ്പ്രിംഗ്ളർ ഇടപാടിൽ വ്യക്തത വേണം: കെ സുരേന്ദ്രന്‍

single-img
16 April 2020

കേരളാ സർക്കാരും സ്വകാര്യ മേഖലയിലെ സ്പ്രിംഗ്ളർ കമ്പനിയുമായുള്ള ഇടപാടിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. കമ്പനിയുമായുള്ള ഇടപാടിൽ വ്യക്തത വേണമെന്നും നിലവിൽ ഇതിൽ ദുരൂഹമായ കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും കെ.സുരേന്ദ്രൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. വിവാദ വിഷയത്തിൽ സർക്കാരിൽ നിന്നും ലഭിച്ച വിശദീകരണവും ശരിയല്ല എന്നും സുരേന്ദ്രൻ പറഞ്ഞു.

ഇതുപോലുള്ള ഒരു ഇടപാടിന് മന്ത്രിസഭയുടെയോ നിയമവകുപ്പിന്റെയോ അനുമതിയില്ല. രാജ്യത്തിന്റെ പുറത്തുള്ള ഒരു കമ്പനിയുമായി കരാർ ഏർപ്പെടുമ്പോൾ പാലിക്കേണ്ട മാ‍ർ​ഗനി‍ർദേശങ്ങളൊന്നും ഈ ഇടപാടിൽ പാലിക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിൽ ബിജെപി സർക്കാരിനൊപ്പം തന്നെയുണ്ട് എങ്കിലും സ്പ്രിംഗ്ളർ ഇടപാടിൽ വ്യക്തത വരുത്തുക തന്നെ വേണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പാനൂരിലെ വിവാദമായ പോക്സോ കേസിൽ പിടിയിലായ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും പ്രതിയെ പിടിക്കേണ്ടത് ബിജെപി അല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഈ സംഭവത്തിൽ പാ‍ർട്ടി വിശദമായി അന്വേഷിക്കും. സിപിഎമ്മിൻ്റെ ധാരാളം ജില്ലാ നേതാക്കൾ പീഡനക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. നിലവിൽ സ്പ്രിംഗ്ളർ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്രസർക്കാരിനേയും സമീപിച്ചിട്ടുണ്ട്.

അന്വേഷണ ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യ്ക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ എ എൻ രാധാകൃഷ്ണൻ കത്ത് നൽകി. കരാറിലൂടെ 500 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും എഎൻ രാധാകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു.