മനുഷ്യനുണ്ടെങ്കിലേ രാഷ്ട്രീയവും അധികാരവും ഉള്ളൂ; കേരളത്തിലെ പ്രതിപക്ഷത്തിനെതിരെ ബി ഉണ്ണികൃഷ്ണന്‍

single-img
16 April 2020

പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശരിയായ മറുപടിയാണ് നല്‍കിയതെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. അധികാര രാഷട്രീയത്തിന്റെ ഇടനാഴികളില്‍ ലേലം വിളിച്ച് പോകാനുള്ളതല്ല മനുഷ്യ ജീവനെന്നും മനുഷ്യനുണ്ടെങ്കിലേ രാഷ്ടീയവും അധികാരവുമുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിപക്ഷംസ്പ്രിംഗ്‌ളര്‍ കരാറില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയിരുന്നത്.

തീര്‍ച്ചയായും മുഖ്യമന്ത്രി ആ മറുപടിയില്‍ പ്രശ്‌നം അവസാനിക്കേണ്ടതായിരുന്നുവെന്ന് ബി ഉണ്ണി കൃഷ്ണന്‍ പറയുന്നു. എന്നാല്‍ പ്രതിപക്ഷം തങ്ങളുന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിറകോട്ടില്ല എന്ന നിലപാടാണ് എടുത്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിനാളുകളുടെ റേഷന്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഒരാരോപണം. ഇതുപോലുള്ള ആരോപണത്തില്‍ ഒരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.

പിന്നെ എന്തിനായിരുന്നു അങ്ങനെ ഒരാരോപണം? ഏതുവിധത്തിലുള്ള മാനസികാവസ്ഥയാവും ഈ ആരോപണത്തിനു പിന്നിലുള്ളത്? എന്നും ബി ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ശേഖരിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയാണ്. ഉഭയകക്ഷി കരാര്‍ പ്രകാരം സര്‍ക്കാരാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടത്. എന്താണ് ഇവിടെ സ്പ്രിംഗ്‌ളര്‍ ചെയ്യുന്നത്? അവര്‍ക്കുള്ള വൈദഗ്ദ്ധ്യം എന്തിലാണ്? സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അവരുടെ സമ്മതപ്രകാരം ശേഖരിക്കുന്ന വിവരങ്ങള്‍, ഇക്കാര്യത്തില്‍ ആളുകളുടെ സമ്മതമുണ്ടാകുക എന്നത് മുന്‍ നിശ്ചിതമായി ഉറപ്പാക്കേണ്ടതാണ്, തീര്‍ച്ചയായും ഇത്തരം വിവരശേഖരണത്തില്‍ അത് ആളുകളെ ബോദ്ധ്യപ്പെടുത്തിയിരിക്കും.

എവിടെയും സൗജന്യമായി ഒരു പ്രത്യേക കാലയളവിലേക്ക് സേവനം തരുന്ന ഏത് സര്‍വ്വീസ് പ്രൊവൈഡറും ചെയ്യുന്ന ഒരു സംഗതിയാണിത്. നമ്മള്‍ ചില സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമ്പോള്‍ 15/30 ദിവസത്തേക്ക് നമുക്ക് ട്രയല്‍ നോക്കാം. അതിന്റെ ശേഷം മാത്രം സേവനം തൃപ്തികരമെന്ന് തോന്നിയില്‍ കാശ് അടച്ച് സേവനം തുടരാം, ഇല്ലേല്‍ നമുക്ക് പിന്‍വാങ്ങാം. ആ കാലാവധിക്കു ശേഷവും സര്‍ക്കാര്‍ സ്പ്രിങ്ക്‌ളറുമായുള്ള കരാര്‍ തുടരുകയാണെങ്കില്‍ മാത്രമാണ് പ്രതിപക്ഷ നേതാവുന്നയിക്കുന്ന ‘ കാശുകൊടുത്തുള്ള സേവനം’ എന്ന ആരോപണത്തിനു പ്രസക്തിയുള്ളൂ.

നിലവില്‍ കൊവിഡുമായി ബന്ധപ്പെട്ട് ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ തങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണെന്ന് ഇവിടെ ഒരു സര്‍ക്കാരാണ് പറയുന്നത്. എന്നിട്ടും കോലാഹലം ഉയര്‍ത്തുന്നുണ്ടെങ്കില്‍ ഇത് പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്?

മനുഷ്യ ജീവനെ രക്ഷിക്കുവാന്‍ ആവശ്യമായ വിവരങ്ങളുടെ ശേഖരണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ നടപടികളും, ഫയലൊക്കെ ഉണ്ടാക്കി സെക്രട്ടറിയേറ്റിലെ ക്ലാര്‍ക്ക് മുതല്‍ ചീഫ് സെക്രട്ടറി വരെ ഒപ്പിട്ട് ഗവര്‍ണറുടെ പേരില്‍ ഉത്തരവ് ആയിട്ട് മതിയെന്നു പറയുന്നത് കേരളം അടുത്ത കാലത്ത് കേള്‍ക്കുന്ന ഏറ്റവും ക്രൂരമായ രാഷ്ട്രീയ തമാശയായിരിക്കും എന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

ലോകമാകെ പതിനായിരക്കണക്കിന് പേര്‍ മരിച്ചു വീഴുമ്പോള്‍ കേരളത്തിന് രക്ഷിക്കാന്‍ കഴിയാതെ പോയത് ഇതുവരെ 2 പേരെ മാത്രമാണ്. ഇത് ലോകത്തെ ഏത് സ്റ്റാന്‍ഡേര്‍ഡ് വച്ച് പറഞ്ഞാലും അത്ഭുതം തന്നെയാണ്. ഈ അത്ഭുതത്തെ പരാജയപ്പെടുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവരുടെ മാനസികാവസ്ഥ, മുഖ്യമന്ത്രിപറഞ്ഞ പോലെ, അങ്ങേയറ്റം വികൃതമാണ്.