പാലത്തായി കേസ്; തങ്ങള്‍ക്ക് നേരെയുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് എബിവിപി

single-img
16 April 2020

വിവാദമായ പാലത്തായിയിലെ സ്കൂൾ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസിൽ വിശദീകരണവുമായി സംഘപരിവാർ വിദ്യാർത്ഥി സംഘടന എബിവിപി. കേസുമായി ബന്ധപ്പെട്ട് അതേ സ്കൂളിലെ അധ്യാപകനെ കുറ്റം ആരോപിച്ച് ബന്ധുവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു എന്നതാണ് പോലീസ് നൽകുന്ന വിവരം എങ്കിലും പ്രതിയെ എബിവിപി പ്രവര്‍ത്തകയായ ശ്രുതി പൊയിലൂരിൻ്റെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത് എന്ന രീതിയിൽ വ്യാപകമായപ്രചരണം നടന്നു വരുന്നുണ്ട്.

എബിവിപി സംഘടനയുടെ മുൻ സംസ്ഥാന സമിതി അംഗമായ ശ്രുതി പോയ്‌ ലൂരിനെതിരെ പീഢനക്കേസിലെ പ്രതിയെ ഒളിപ്പിച്ചു എന്ന രീതിയിൽ വ്യാജ പ്രചരണം നടത്തി രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമായി ചിലർ ഉപയോഗിക്കുകയാണ് എന്ന് സംഘടന പറയുന്നു.

വിദ്യാര്‍ത്ഥിനി പീഢനത്തിന് ഇരയായി എന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ആ കുട്ടിക്ക് നീതി ഉറപ്പാക്കാനും പ്രതിയെയും, പ്രതിയെ സംരക്ഷിക്കുന്നവരെയും വസ്തുനിഷ്ഠമായ അന്വേഷണം നടത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസ് തയ്യാറാകണമെന്നും രാഷ്ട്രീയ പ്രേരിതമായി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പ്രചരിപപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നും എബിവിപി കണ്ണൂർ ജില്ലാ സെക്രട്ടറി അഭിനവ് തൂണേരി പറഞ്ഞു.