കേന്ദ്രം തന്ന തുകകൾ വിനിയോഗിച്ചതിൻ്റെ സർട്ടിഫിക്കറ്റു കാണിച്ചിട്ടു പ്രധാനമന്ത്രിയെ വിമർശിച്ചാൽ മതി: തോമസ് ഐസക്കിനോടു ശോഭാസുരേന്ദ്രൻ

single-img
15 April 2020

പ്രധാനമന്ത്രിയെ വിമര്‍ശിച്ച ധനമന്ത്രി തോമസ്‌ ഐസക്കിനെതിരെ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ശോഭാ സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ സാമ്പത്തിക സഹായം പ്രഖ്യപിക്കാതിരുന്ന നിലപാടിനെയായിരുന്നു ധനമന്ത്രി ാിമർശിച്ചത്.  പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നന്മയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയെ കുറിച്ചുള്ള ഉപദേശവും കേള്‍ക്കാന്‍ ഐസക്കിന്‌ സഹിഷ്‌ണുതയില്ലെന്നും, തന്നോളു, തന്നോളു എന്ന ആവലാതി മാത്രമാണുള്ളതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

 ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ വിമർശനം ഉന്നയിച്ചുകൊണ്ട് ശോഭാസുരേന്ദ്രൻ രംഗത്തെത്തിയത്. പ്രധാനമന്ത്രി നന്മ ഉപദേശിച്ചാല്‍ മാത്രം പോര, പണവും തരണം എന്ന ധനമന്ത്രിയുടെ പ്രതികരണത്തിനെതിരെയാണ്‌ ശോഭ സുരേന്ദ്രന്റെ വിമര്‍ശനം. ഐസക്കിന്റെ പ്രതികരണം തരംതാണതായി പോയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. 

നിങ്ങൾ ആദ്യം കേന്ദ്രം തന്ന തുകകൾ വിനിയോഗിച്ചതിൻ്റെ വിനിയോഗ സർട്ടിഫിക്കറ്റു സമർപ്പിക്കു. എന്നിട്ടുമതി ലോകം ഈ കൊവിഡ് കാലത്തു പ്രതീക്ഷയോടെ നോക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമർശിക്കാൻ പുറപ്പെടുന്നതെന്നും ശോഭാസുരേന്ദൻ പറഞ്ഞു. 

ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം :

പ്രധാനമന്ത്രി നൻമ ഉപദേശിച്ചാൽ മാത്രം പേരാ, പണവും തരണം എന്ന സംസ്ഥാന ധനമന്ത്രി ശ്രീ ടി എം തോമസ് ഐസക്കിൻ്റെ പ്രതികരണം തീരെ തരംതാണതായിപ്പോയി എന്നു പറയാതെ വയ്യ. കേന്ദ്ര സർക്കാർ മുമ്പു പ്രഖ്യാപിച്ചതും ഇനി പ്രഖ്യാപിക്കാനിരിക്കുന്നതുമായ സാമ്പത്തിക പാക്കേജുകളുടെ ഫലം ലഭിക്കാത്ത സംസ്ഥാനമല്ല കേരളം.പക്ഷേ, ഐസക്കിന് പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നൻമയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയേക്കുറിച്ചുള്ള ഉപദേശവും കേൾക്കാനുള്ള സഹിഷ്ണുതയില്ല; തന്നോളൂ, തന്നോളൂ എന്ന ആവലാതി മാത്രം.

ഇതേ ധനമന്ത്രിയുടെ അനുമതിയോടെയല്ലേ ഈ കൊവിഡ് കാലത്ത് സ്വകാര്യ ഹെലിക്കോപ്റ്റർ വാടക ഇനത്തിൽ ഒന്നരക്കോടി രൂപയുടെ ബില്ല് പാസാക്കിക്കൊടുത്തത്? ഇദ്ദേഹത്തിൻ്റെ മൂക്കിനു താഴെയല്ലേ രണ്ടു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയുടെ ഓഫീസിൻ്റെ സ്വീകരണമുറി മോടിപിടിപ്പിക്കാൻ മൂന്നു ലക്ഷത്തോളം രൂപ അനുവദിച്ചത്? ഓരോ പാവപ്പെട്ടവരോടും, നിങ്ങൾ മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും നുള്ളിപ്പെറുക്കി സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് ഫണ്ടിലേക്കു തരാനും പയുന്നവർതന്നെയാണല്ലോ ഈ ധൂർത്തും പാഴ് ചെലവും നടത്തുന്നത്.

കേന്ദ്രം തന്ന പ്രളയദുരിതാശ്വാസത്തേക്കുറിച്ചു വരെ നുണ പറഞ്ഞ ധനവകുപ്പും മന്ത്രിയുമാണ് കേരളത്തിൻ്റേത്. നിങ്ങൾ ആദ്യം കേന്ദ്രം തന്ന തുകകൾ വിനിയോഗിച്ചതിൻ്റെ വിനിയോഗ സർട്ടിഫിക്കറ്റു സമർപ്പിക്കു. എന്നിട്ടുമതി ലോകം ഈ കൊവിഡ് കാലത്തു പ്രതീക്ഷയോടെ നോക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമർശിക്കാൻ പുറപ്പെടുന്നത്. ഇങ്ങനെ തരം താഴാൻ ലജ്ജയില്ലേ ധനമന്ത്രീ, താങ്കൾക്ക്?