പുര കത്തുന്നതിനിടയിൽ വാഴ വെട്ടൽ: ജമ്മു കശ്മീരിൽ ആക്രമണം അഴിച്ചുവിട്ട് പാകിസ്താൻ

single-img
15 April 2020

 ജമ്മു കശ്മീരിൽ ആക്രമണം അഴിച്ചുവിട്ട് പാകിസ്താൻ സെെന്യം. കൊറോണ വൈറസ് ജീവനെടുക്കുന്നതിനിയിലാണ് ജമ്മുകാശ്മീരില്‍ പാകിസ്താൻ  പ്രകോപനം തുടരുന്നത്. റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ പോലും നിരന്തരം ആക്രമിക്കപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. 

അതിനിടെ അഞ്ച് ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ ഇന്നലെ സൈന്യത്തിന്റെ പിടിയിലായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ബാരാമുള്ള ജില്ലയിലെ സൊപാറില്‍ നിന്നാണ് അഞ്ച് ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ സൈന്യത്തിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ പിടികൂടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 

കുപ്വാരയില്‍ കൊവിഡ് റെഡ് സോണായി പ്രഖ്യാപിച്ച പ്രദേശത്ത് ഞായറാഴ്ച  പാകിസ്താൻ ഷെല്ലാക്രമണം നടത്തിയിരുന്നു. ഷെല്ലാക്രമണത്തില്‍ എട്ട് വയസുള്ള കുട്ടിയടക്കം മൂന്ന് പ്രദേശവാസികളും മരിച്ചിരുന്നു. അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.