നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മുംബെെയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ലാത്തിച്ചാർജ്ജ്

single-img
15 April 2020

ലോക്ക് ഡൗണ്‍ ലംഘിച്ചുകൊണ്ട് മുംബൈയിലെ ബാന്ദ്രയില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചു.  നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ ഓടിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബാന്ദ്ര റെയില്‍വേ സ്‌റ്റേഷന് മുമ്പിൽ പ്രതിഷേധം നടന്നത്. ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്നായിരുന്നു അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. 

ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.തൊഴിലാളികള്‍ കൂട്ടമായി എത്തിയതോടെ പോലീസിന് ലാത്തിച്ചാര്‍ജ് ചെയ്യേണ്ടി വന്നു. നേരത്തെ സിറ്റി പോലീസ് ഇടപെട്ട് തൊഴിലാളികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല.

ബാന്ദ്രയിലെ അന്തരീക്ഷം നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യാ താക്കറെ ട്വീറ്റ് ചെയ്തു. അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സംവിധാനം ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.