കമ്മ്യൂണിസ്റ്റ് ആശയങ്ങൾ, കമ്മ്യൂണിസ്റ്റ് ഭരണം: കൊറോണയെ തോൽപ്പിച്ചുകൊണ്ടിരിക്കുന്ന, നിപയെ തോൽപ്പിച്ച കേരളത്തെ മാതൃകയാക്കാണമെന്ന് ആഗോള ഗവേഷണ സര്‍വകലാശാല മാഗസിൻ

single-img
15 April 2020

കൊറോണ പ്രതിരോധത്തില്‍ കേരളത്തെ ലോകം മാതൃകയാക്കണമെന്ന് ചൂണ്ടിക്കാട്ടി ആഗോള ഗവേഷണ സര്‍വകലാശാലയായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രസിദ്ധീകരിക്കുന്ന എം.ഐ.ടി ടെക്‌നോളജി റിവ്യൂ മാഗസിന്‍. കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഗസിനില്‍ ഏപ്രില്‍ 13 ന് എഴുത്തുകാരി സോണിയ ഫലേയ്‌റെ എഴുതിയ ലേഖനത്തിലാണ് കേരളത്തിൻ്റെ മികവുറ്റ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചിരിക്കുന്നത്. 

ഈ കൊറോണ കാലത്ത് കേരളത്തിലെ ഭരണസംവിധാനങ്ങളും പൊതുജനങ്ങളും ക്രിയാത്മകമായി പ്രവര്‍ത്തിച്ചുവെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും രോഗത്തിന് മുന്നില്‍ പകച്ചുനിന്നപ്പോള്‍ ദ്രുതഗതിയില്‍ കേരളം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയായിരുന്നുവെന്നും ലേഖനത്തിലുണ്ട്. നിപയെ കേരളം നേരിട്ടതിനെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. 120 വര്‍ഷമായി പുറത്തിറങ്ങുന്ന മാഗസിന്റെ എഡിറ്റര്‍ ഗിഡിയോണ്‍ ലിച്ചഫീല്‍ഡാണ്.

ജനുവരിയില്‍ തന്നെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഇത് വഴി രോഗലക്ഷണമുള്ളവരെ ക്വാറന്റൈനിലാക്കുകയും ചെയ്തു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് കേരളത്തിന്റെ സഞ്ചാരമെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണത്തിലുമാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

https://www.technologyreview.com/2020/04/13/999313/kerala-fight-covid-19-india-coronavirus/

‘ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമാണ് കേരളത്തിലേത്. ലോകോത്തരനിലവാരമുള്ള മലയാളി നഴ്‌സുമാര്‍ യൂറോപ്പിലും അമേരിക്കയിലും ജോലി ചെയ്യുന്നു’, ലേഖനത്തില്‍ പറയുന്നു. ഹിന്ദു ദേശീയവാദിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും നിലകൊണ്ടപ്പോള്‍ കേരളം സാമൂഹ്യക്ഷേമത്തിലാണ് ഊന്നല്‍നല്‍കിയതെന്നും ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാതിരിക്കുന്നു, അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസേന വിലയിരുത്തലുമായി മാധ്യമങ്ങളെ കാണുന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.