കൊറോണ സാമൂഹ്യ വ്യാപന സാധ്യത; പരിശോധനയ്ക്കായി കാസർകോട് ജില്ലയിൽ സർവേ ആരംഭിച്ചു

single-img
15 April 2020

കേരളത്തില്‍ ഏറ്റവുംകൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ ‍ കോവിഡിന്‍റെ സാമൂഹ്യ വ്യാപന സാധ്യത പരിശോധിക്കാന്‍ സര്‍വ്വേ ആരംഭിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളിലും നഗരസഭകളിലും വാര്‍ഡ് കേന്ദ്രീകരിച്ചാണ് സര്‍വ്വേ. ആരോഗ്യ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സര്‍വ്വേ നടത്തുന്നത്.

അസുഖം വന്നവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളാണ് ആദ്യ ഘട്ടത്തില്‍ പരിശോധനയ്ക്ക് അയച്ചിരുന്നത്. പിന്നീട് രണ്ടാം ഘട്ടത്തില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള രോഗ ലക്ഷണമില്ലാത്തവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. നിലവില്‍ കോവിഡ് ലക്ഷണമുള്ളവരുടെ വിവരങ്ങള്‍ സര്‍വ്വേയില്‍ ശേഖരിക്കുന്നുണ്ട്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയക്കും.

അതിനായി ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും സാമ്പിള്‍ ശേഖരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ സര്‍വ്വേയില്‍ കണ്ടെത്തുന്ന പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കാനും പദ്ധതിയുണ്ട്.