കൊവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ ആരോഗ്യ പ്രവർത്തകർക്ക് നേർക്ക് യുപിയിൽ ആക്രമണം

single-img
15 April 2020

ബിജെപി ഭരിക്കുന്ന യുപിയിൽ കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചയാളെ ആശുപത്രിയിലേക്ക് എത്തിക്കാനായി പോയ ആരോഗ്യപ്രവ‍ര്‍ത്തകര്‍ക്കും ആംബുലൻസിനും നേരെ ആക്രമണം.

യുപിയിലെ മൊറാബാദിലാണ് ആരോഗ്യ പ്രവർത്തകർക്കും പോലീസിനും നേരെ പ്രദേശവാസികൾ കല്ലേറും ആക്രമണവും നടത്തിയത്. ആക്രമണം നടക്കുമ്പോൾ ഡോക്ടർമാരുൾപ്പടെയുളളവര്‍ മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. നിലവിൽ ഇവരുടെ കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇതേ സ്ഥലത്തുതന്നെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച മറ്റൊരാളെ ആശുപത്രിയില്‍ എത്തിക്കാനായി പോയതായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍. രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ പരാതി പരിഹരിക്കുന്നതിനായി ഹെൽപ്പ് ലൈൻ ആരംഭിക്കുമെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ ഇന്ന് അറിയിച്ച പിന്നാലെയാണ് യുപിയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.