ലോക്ഡൗണ്‍ കാരണം വിവാഹം നീട്ടാൻ താൽപര്യമില്ല; ഒടുവിൽ രാത്രി കോടതി തുറന്ന് ഒരു വിവാഹം

single-img
15 April 2020

രാജ്യത്തെ ലോക്ക് ഡൌൺ വീണ്ടും നീട്ടുകയും എന്നാൽ വിവാഹം കഴിക്കാതെ മാറ്റിവെക്കാന്‍ താല്‍പര്യമില്ലാതെയും വന്നതിനാൽ മെക്സിക്കന്‍ വംശജയുമായുള്ള ഇന്ത്യന്‍ യുവാവിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ രാത്രി കോടതി വരെ തുറന്നു. ഹരിയാനയിലുള്ള റോഹ്തഗില്‍ പതിമൂന്നാം തീയതിയാണ് സംഭവം നടന്നത്.

പ്രധാനമന്ത്രി രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വിവാഹം നടത്താന്‍ സാധിക്കാത്ത സാഹചര്യം വന്നതോടെയാണ് കോടതി രാത്രി തുറന്നത്. പ്രദേശത്തെ സൂര്യ കോളനി നിവാസി നിരഞ്ജന്‍ കശ്യപിന്റെയും മെക്സിക്കോ സ്വദേശിനി ഡാനാ ജോഹ്രി ഒലിവെരോസ് ക്രൂയിസിന്റെയും വിവാഹമാണ് നടന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു ഭാഷാ പരിശീലന ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.

2018ല്‍ ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം നടത്തി. തുടർന്ന് വിവാഹത്തിനായി ഫെബ്രുവരി 11നാണ് ഡാനയും മാതാവും ഇന്ത്യയിലെത്തിയത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഫെബ്രുവരി 17ന് വിവാഹത്തിനായി അപേക്ഷിച്ചു. അതനുസരിച്ചുള്ള 30 ദിവസം സമയപരിധിയുള്ള നോട്ടീസ് മാര്‍ച്ച് 18ന് അവസാനിച്ചു.

പക്ഷെ പിന്നീട് ലോക്ഡൗണ്‍ ആരംഭിച്ചതോടെ വിവാഹം നിയമപരമായി നടത്താന്‍ സാധിച്ചില്ല. തുടർന്ന് ആചാരപ്രകാരം വിവാഹം നടത്തിയ ശേഷം ജില്ലാ കലക്ടര്‍ക്ക് ഇവര്‍ അപേക്ഷ നല്‍കി. അതിന്റെ ശേഷമായിരുന്നു കോടതിയെ സമീപിച്ചത്. വധുവായ ഡാന ഇന്ത്യന്‍ വംശജയല്ലാത്തതിനാല്‍ സ്പെഷ്യല്‍ മാരേജ് ആക്ട് വഴി മാത്രമേ വിവാഹം സാധൂകരിക്കാന്‍ കഴിയുമായിരുന്നുള്ളു.

അതാണ് ഇവർ കോടതിയെ സമീപിച്ചത്. ഇരുവരും മെക്സിക്കന്‍ എംബസില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന് ശേഷം കോടതി വിവാഹ നടപടിയിലേക്ക് കടക്കുകായിരുന്നു. അങ്ങിനെ ഒടുവിൽ ഏപ്രില്‍ 13ന് രാത്രി എട്ട് മണിക്ക് കോടതി തുറന്ന ജില്ലാ മജിസ്ട്രേറ്റ് വിവാഹം നടത്തി കൊടുത്തു.