കോവിഡ്: ഇന്ത്യ പുറത്തുവിടുന്ന കണക്കുകളിൽ അവിശ്വാസവുമായി ബിബിസി

single-img
15 April 2020

ഇന്ത്യ ഔദ്യോഗികമായി പുറത്തുവിടുന്ന കോവിഡ് രോഗികളുടേയും മരണത്തിന്റേയും കണക്കുകളില്‍ അവിശ്വാസവുമായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട്. പേര് പറയാതെയുള്ള ഡോക്ടര്‍മാരെ ഉദ്ധരിച്ചാണ് ചാനലിന്റെ ഇന്ത്യന്‍ പ്രതിനിധി യോഗിത ലിമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഇന്ത്യയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11000ത്തിലേറെയും മരണം 370ലേറെയുമായതായാണ് ഔദ്യോഗിക കണക്ക്. പക്ഷെ സംഭവിച്ചിട്ടുള്ളത് ഇതിന്റെ പലമടങ്ങ് കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

അതിന്റെ ഉദാഹരണമായി കഴിഞ്ഞ ദിവസം കോവിഡ് ലക്ഷണങ്ങളോടെ ശ്വാസകോശ അസുഖങ്ങള്‍ ബാധിച്ച് ആറ് പേര്‍ താന്‍ ജോലിയെടുക്കുന്ന ആശുപത്രിയില്‍ മരിച്ചെന്നാണ് പേര് വെളിപ്പെടുത്താത്ത മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍ ബിബിസിയോട് പറഞ്ഞത്. ഇതുപോലെ കോവിഡ് ലക്ഷണങ്ങളോടെ മരിക്കുന്നവരിലോ അവരുടെ ബന്ധുക്കളിലോ പരിശോധനകള്‍ നടത്തുന്നില്ലെന്ന വെളിപ്പെടുത്തലും ഡോക്ടര്‍ നടത്തി.

രാജ്യത്തെ പരിശോധന കിറ്റുകളുടെ ക്ഷാമമാണ് ഇതിന് കാരണമായി ഡോക്ടര്‍ പറയുന്നത്. അതേപോലെ തന്നെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റൊരു ഡോക്ടറുടെ വെളിപ്പെടുത്തലും ഈ വീഡിയോ റിപ്പോര്‍ട്ടിലുണ്ട്.

ആശുപത്രിയിൽ കോവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരെ പോലും പരിശോധിക്കുന്നില്ലെന്നും ഇവര്‍ക്ക് രോഗമുണ്ടെങ്കില്‍ നിരവധി പേരിലേക്ക് പടരാമെന്നുമാണ് പേര് വെളിപ്പെടുത്താത്ത വനിതാ ഡോക്ടര്‍ പറയുന്നത്. മാത്രമല്ല, തനിക്ക് വ്യക്തിപരമായി ഡോക്ടറെന്ന നിലയില്‍ വലിയ ആശങ്കയുണ്ടെന്നും ഇവര്‍ പറയുന്നു. തങ്ങൾ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മറുപടി നല്‍കിയില്ലെന്നും ബിബിസി റിപ്പോര്‍ട്ടിലുണ്ട്.